ഇടുക്കി വോളിബാള്‍ അക്കാദമിക്ക് സ്വന്തം തട്ടകമൊരുങ്ങുന്നു

ചെറുതോണി: കേരളത്തില്‍ ആദ്യമായി അനുവദിച്ച ഇടുക്കി വോളിബാള്‍ അക്കാദമിക്ക് സ്വന്തമായി ഹോസ്റ്റലും കളിക്കളവും അനുബന്ധ സൗകര്യവും പൂര്‍ത്തിയാകുന്നു. സെപ്റ്റംബറോടെ മുഴുവന്‍ സൗകര്യവും പൂര്‍ത്തിയാക്കി അക്കാദമി ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ വൃത്തങ്ങള്‍ അറിയിച്ചു. 2003ല്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് അക്കാദമി അനുവദിച്ചത്. അന്ന് എം.എല്‍.എയുടെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെ.എസ്.ഇ.ബി കെട്ടിടത്തിനു സമീപം താല്‍ക്കാലിക സൗകര്യമൊരുക്കി അക്കാദമി ആരംഭിക്കുകയായിരുന്നു. 2012ല്‍ ഇടുക്കി ഐ.ഡി.എ സ്റ്റേഡിയത്തിന് സമീപം ജില്ലാ പഞ്ചായത്ത് സ്ഥലം വിട്ടുനല്‍കി. ഹോസ്റ്റലും അനുബന്ധ സൗകര്യവും ഒരുക്കാന്‍ സര്‍ക്കാര്‍ 1.80 കോടി അനുവദിച്ചതോടെ നിര്‍മാണപ്രവര്‍ത്തനവും ആരംഭിച്ചു. രണ്ടാം ഘട്ടമായി ചുറ്റുമതിലും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി 92 ലക്ഷവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം വുഡ് പാനലിങ് ഉള്‍പ്പെടെ പ്രവൃത്തികള്‍ക്കായി 48 ലക്ഷവും അനുവദിച്ചു. ഇന്‍ഡോര്‍-ഒൗട്ട്ഡോര്‍ കളിക്കളങ്ങള്‍ ഉള്‍പ്പെടെ മികച്ച സൗകര്യമാണ് അക്കാദമിക്കായി ഒരുക്കുന്നതെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ അറിയിച്ചു. കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്സ് നവീകരിക്കാത്തതിനാല്‍ വിദ്യാര്‍ഥികളുടെ അസൗകര്യം കണക്കിലെടുത്താണ് അക്കാദമിയുടെ ഡോര്‍മിറ്ററിയിലേക്ക് വിദ്യാര്‍ഥികളെ മാറ്റിയത്. ഇതുസംബന്ധിച്ച് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസനുമായി ചര്‍ച്ച നടത്തിയതായും റോഷി അറിയിച്ചു. ഇതിനിടെ, താരങ്ങള്‍ക്കായി അക്കാദമി വ്യാഴാഴ്ച അനൗപചാരികമായി തുറന്നു നല്‍കി. 13 വര്‍ഷത്തോളമായി വൈദ്യുതി ബോര്‍ഡ് കെട്ടിടത്തില്‍ അസൗകര്യങ്ങള്‍ക്ക് നടുവിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. 23 താരങ്ങളാണ് അക്കാദമിയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.