തൊടുപുഴ ഡിപ്പോയില്‍നിന്ന് മുന്നറിയിപ്പില്ലാതെ സര്‍വിസുകള്‍ നിര്‍ത്തുന്നു

തൊടുപുഴ: കെ.എസ്.ആര്‍.ടി.സി തൊടുപുഴ ഡിപ്പോയില്‍നിന്ന് ലാഭകരമായ സര്‍വിസുകള്‍ മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കുന്നു. ഡിപ്പോക്ക് ലക്ഷങ്ങളുടെ വരുമാനം നേടിക്കൊടുത്തിരുന്ന ബസുകളാണ് അടുത്തകാലത്ത് തൊടുപുഴ സ്റ്റാന്‍ഡില്‍നിന്ന് അപ്രത്യക്ഷമായത്. എറണാകുളം, ആലപ്പുഴ, മലപ്പുറം, കട്ടപ്പന ബസുകളും അടുത്തിടെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ലോഫ്ളോര്‍ ബസുകളുമാണ് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയത്. എറണാകുളത്തുനിന്ന് പുലര്‍ച്ചെ നാലിന് തൊടുപുഴക്ക് പുറപ്പെട്ടിരുന്ന തൊടുപുഴ ഡിപ്പോയിലെ ബസ് ഇപ്പോള്‍ കാണാനില്ല. ഇതിന് കാരണമായി തൊടുപുഴ ഡിപ്പോയിലെ അധികാരികള്‍ പറയുന്നത് വയനാട് പുല്‍പള്ളിയില്‍നിന്ന് ഒരു ദീര്‍ഘദൂര ബസ് എറണാകുളം വഴി ഈ സമയത്ത് തൊടുപുഴ വഴി പത്തനംതിട്ടക്ക് സര്‍വിസ് നടത്തുന്നുണ്ടെന്നാണ്. ഈ ബസ് പുലര്‍ച്ചെ മൂന്ന് മുതല്‍ ഏതുസമയത്തും എറണാകുളം വഴി കടന്നുപോകാം. പല ദിവസങ്ങളിലും ഈ ബസ് ഇല്ല. രാത്രി ദൂരെസ്ഥലങ്ങളില്‍നിന്ന് ട്രെയിനില്‍ വന്നിറങ്ങി തൊടുപുഴ ഭാഗത്തേക്ക് വരുന്ന യാത്രക്കാര്‍ ആശ്രയിച്ചിരുന്നതും തിരക്കുള്ളതുമായിരുന്നു എറണാകുളത്തുനിന്ന് പുറപ്പെടുന്ന തൊടുപുഴ ബസ്. തൊടുപുഴ ഡിപ്പോ ആരംഭിച്ചപ്പോള്‍ തുടങ്ങിയ സര്‍വിസാണിത്. ഇത് നിര്‍ത്തലാക്കിയത് മൂലം രാത്രി എറണാകുളത്ത് ട്രെയിനിറങ്ങുന്നതും അല്ലാത്തതുമായ യാത്രക്കാര്‍ പുലര്‍ച്ചെ അഞ്ചിന് ശേഷം പുറപ്പെടുന്ന ബസിനെയാണ് ആശ്രയിക്കുന്നത്.വൈകീട്ട് 6.30ന് തൊടുപുഴ ഡിപ്പോയില്‍നിന്ന് പുറപ്പെടുന്ന ആലപ്പുഴ സര്‍വിസാണ് നിര്‍ത്തലാക്കിയ മറ്റൊരു ബസ്. രാവിലെ ആറിനുള്ള കട്ടപ്പന ഓര്‍ഡിനറി ബസും നിര്‍ത്തലാക്കിയവയില്‍പെടും. വൈകീട്ട് ആറ് കഴിഞ്ഞാല്‍ ഒരുമണിക്കൂറിന് ശേഷമാണ് തൊടുപുഴയില്‍നിന്ന് എറണാകുളത്തേക്ക് ബസ് കിട്ടുന്നത്. എറണാകുളം ഭാഗത്തേക്ക് സര്‍വിസ് നടത്തുന്നതില്‍ കൂടുതലും മൂവാറ്റുപുഴ ഡിപ്പോയിലെ ബസുകളാണ്. തൊടുപുഴ ഡിപ്പോയില്‍നിന്നുള്ള പല എറണാകുളം ബസുകളും ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് നിര്‍ത്തലാക്കുകയാണ്. കലക്ഷന്‍ കുറവും ജീവനക്കാര്‍ക്ക് മറ്റിടങ്ങളില്‍ പോയി രാത്രി സ്റ്റേ ചെയ്യാന്‍ കഴിയാത്തതുമാണ് ബസുകള്‍ നിര്‍ത്തലാക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. നേരത്തേ എറണാകുളം സോണില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന ഡിപ്പോയാണിത്. തൊടുപുഴക്ക് സമീപമുള്ള ഡിപ്പോകള്‍ക്കെല്ലാം പുതുതായി സര്‍വിസുകള്‍ അനുവദിച്ചിട്ടും ഇവിടെ കുറേനാളുകളായി തൊടുപുഴ ഡിപ്പോക്ക് പുതിയ സര്‍വിസുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, കലക്ഷന്‍ കുറവുള്ള സര്‍വിസുകള്‍ മാത്രമാണ് റദ്ദാക്കിയതെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.