ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍നിന്ന് 11 സ്റ്റാഫ് നഴ്സുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. ആലപ്പുഴ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കാണ് സ്ഥലംമാറ്റിയത്. ആകെ ഒരു ഹെഡ് നഴ്സടക്കം 11പേരാണ് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തിരുന്നത്. മെഡിക്കല്‍ കോളജിന്‍െറ പ്രവര്‍ത്തനം ഘട്ടംഘട്ടമായി നിര്‍ത്തുന്നതിന്‍െറ ഭാഗമായാണ് ഇപ്പോഴത്തെ കൂട്ടസ്ഥലംമാറ്റം. അടിസ്ഥാന സൗകര്യമില്ളെന്ന കാരണത്താല്‍ കഴിഞ്ഞ ഡിസംബര്‍ 31ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ മെഡിക്കല്‍ കോളജിന്‍െറ അംഗീകാരം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇവിടെ പഠിച്ച 50 കുട്ടികളെ മറ്റ് കോളജുകളിലേക്ക് മാറ്റിയിരുന്നു. അംഗീകാരം നഷ്ടമായ മെഡിക്കല്‍ കോളജില്‍ അടുത്ത ബാച്ചിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശത്തിനുള്ള അനുമതിയും നഷ്ടപ്പെട്ടു. 37 പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് അനുമതി തടയാന്‍ കാരണമായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയത്. അനുമതി കിട്ടാന്‍ ആദ്യ രണ്ടുവര്‍ഷവും തിയറി ക്ളാസ് മാത്രമായതിനാല്‍ പഠിപ്പിക്കാന്‍ അധ്യാപകരും 50 കുട്ടികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ ക്ളാസ് മുറികളും മാത്രം മതിയായിരുന്നു. ടീച്ചിങ് സ്റ്റാഫിന്‍െറ തടസ്സമാണ് പ്രധാനമായും മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയത്. 74.67 ശതമാനം അധ്യാപകരുടെ കുറവുണ്ട്. 175 സ്റ്റാഫ് നഴ്സുമാര്‍ വേണ്ടിടത്ത് 43പേര്‍ മാത്രമാണുണ്ടായിരുന്നത്. ഇതില്‍ 32പേരും പലപ്പോഴായി സ്ഥലംമാറി. ശേഷിക്കുന്ന 11പേരെയാണ് ഇപ്പോള്‍ മാറ്റിയത്. 100 പാരാമെഡിക്കല്‍ സ്റ്റാഫ് ആവശ്യമുള്ളപ്പോള്‍ ഉണ്ടായിരുന്നത് 63പേര്‍. 101 ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ച് ജോലിചെയ്യണമെന്ന വ്യവസ്ഥയുള്ളപ്പോള്‍ ഉണ്ടായിരുന്നത് എട്ടുപേര്‍ മാത്രമാണ്. ആവശ്യത്തിന് കിടക്കയില്ല. 300 കിടക്കയെങ്കിലും വേണമെന്നാണ് നിയമം. കുറഞ്ഞത് രണ്ട് എക്സ്റേ യൂനിറ്റ് സജ്ജമാക്കണം. ആവശ്യത്തിന് പരിശോധനാമുറികള്‍ ഒരുക്കിയിട്ടില്ല. നാല് ഓപറേഷന്‍ തിയറ്ററിന്‍െറ കുറവും മൈനര്‍ തിയറ്ററും ഇല്ല. സെന്‍ട്രല്‍ ലൈബ്രറി, ലെക്ചറര്‍ തിയറ്റര്‍, സെന്‍ട്രല്‍ ഫോട്ടോഗ്രഫി സെക്ഷന്‍, സ്റ്റുഡന്‍റ്സ് ഹോസ്റ്റല്‍ തുടങ്ങി ആവശ്യപ്പെട്ട 37 കാര്യങ്ങളില്‍ ഒന്നുപോലും കൃത്യമായി കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ മെഡിക്കല്‍ കോളജിന് അനുവദിച്ച തുകയില്‍ 70 കോടി ചെലവഴിക്കാതെ ബാക്കിവന്നു. ഈ തുക ഫലപ്രദമായി വിനിയോഗിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. സംഭവം വിവാദമായതോടെ പുതിയകെട്ടിട നിര്‍മാണത്തിന് ടെന്‍ഡര്‍ പൂര്‍ത്തിയാക്കി 59 കോടി നിര്‍മാണച്ചെലവ് കണക്കാക്കി പുതിയ എഗ്രിമെന്‍റ് വെച്ചിട്ടുണ്ട്. വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും അടിസ്ഥാന സൗകര്യമൊരുക്കി മെഡിക്കല്‍ കോളജ് പുനരാരംഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.