പ്രമോട്ടര്‍മാരില്ല; പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

മുട്ടം: പ്രമോട്ടര്‍മാരെ നിയമിക്കാത്തതിനാല്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. തൊടുപുഴ ബ്ളോക്കില്‍ നാലുപഞ്ചായത്തിലും ജില്ലയിലെ 25ഓളം പഞ്ചായത്തിലും മാസങ്ങളായി പ്രമോട്ടര്‍മാരില്ല. ജില്ലയിലെ 52 പഞ്ചായത്തുകളെ എട്ട് ബ്ളോക് ആയി തിരിച്ചിരിക്കുകയാണ്. ഓരോ ബ്ളോക്കിന്‍െറയും വലുപ്പമനുസരിച്ച് അഞ്ചും ആറും ഏഴും പഞ്ചായത്തുകള്‍ വീതമാണുള്ളത്. തൊടുപുഴ ബ്ളോക്കിന് കീഴില്‍ മുട്ടം, കരിങ്കുന്നം, മണക്കാട്, ഇടവെട്ടി, കുമാരമംഗലം, പുറപ്പുഴ തുടങ്ങിയ ആറ് പഞ്ചായത്തുകളാണ് ഉള്ളത്. ഇതില്‍ മുട്ടം, കരിങ്കുന്നം, മണക്കാട്, ഇടവെട്ടി തുടങ്ങിയ നാല് പഞ്ചായത്തുകളില്‍ പ്രമോട്ടര്‍മാരെ നിയമിച്ചിട്ടില്ല. മുട്ടം പഞ്ചായത്തില്‍ പ്രമോട്ടറില്ലാതായിട്ട് 15 മാസമായി. ജോലി കിട്ടിയും വിവാഹം കഴിച്ചും പോയതോടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. നിയമനം നടത്താന്‍ സംസ്ഥാന ഡയറക്ടറുടെ നിര്‍ദേശം വേണം. ഇതിന് വരുന്ന കാലതാമസമാണ് തസ്തിക ദീര്‍ഘകാലം ഒഴിഞ്ഞുകിടക്കാന്‍ കാരണമെന്ന് പട്ടികജാതി ജില്ലാ ഓഫിസര്‍ ശശി പറഞ്ഞു. ഭവനം, സ്ഥലം വാങ്ങല്‍, ശൗചാലയം, വിദ്യാഭ്യാസം എസ്.സി ഗ്രാന്‍റ് തുടങ്ങി പട്ടികജാതി വിഭാഗത്തിന് ലഭിക്കേണ്ട ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രമോട്ടര്‍മാര്‍ മുഖേനയാണ് നടത്തേണ്ടത്. അതത് പഞ്ചായത്തിലെ എസ്.സി വിഭാഗക്കാര്‍ക്ക് വേണ്ട ആനുകൂല്യം എന്തെല്ലാമെന്ന് കണ്ടത്തെി ഡിപ്പാര്‍ട്ടുമെന്‍റിനെ അറിയിക്കേണ്ടത് പ്രമോട്ടര്‍മാരാണ്. എസ്.സി കോളനികളില്‍ സോഷ്യല്‍ മാപ്പിങ് നിര്‍മിക്കേണ്ടതും ഇവരാണ്. എസ്.സി കോളനികളില്‍ പ്ളാന്‍ ഫണ്ടുകള്‍ ചെലവഴിക്കാന്‍ സോഷ്യല്‍ മാപ്പിങ് അനിവാര്യമാണ്. ആയത് സമയത്ത് ലഭിക്കാതെവരുന്നതിനാല്‍ മിക്ക ഫണ്ടും പദ്ധതികളും ലാപ്സാകുന്ന സ്ഥിതിയാണ്. മുട്ടം പഞ്ചായത്തില്‍ 18 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞവര്‍ഷം പാഴായത്. നൂറോളം പട്ടികജാതി കുടുംബങ്ങള്‍ മുട്ടത്ത് മാത്രമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.