സംരക്ഷണമില്ലാതെ മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകള്‍

തൊടുപുഴ: മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ചെക് പോസ്റ്റുകള്‍ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷണവുമില്ലാതെ അധികൃതരുടെ അവഗണനയില്‍. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന കാലികളെ പരിശോധിക്കേണ്ട ചെക്പോസ്റ്റുകളുടെ ദയനീയാവസ്ഥ പരിശോധിക്കാനും പരിഹരിക്കാനും ആരുമില്ലാത്ത അവസ്ഥയാണ്. ചെക്പോസ്റ്റുകളില്‍ അത്യാവശ്യം വേണ്ട സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരുമില്ലാത്തത് ഇവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നു. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ജില്ലയില്‍ കുമളി, കമ്പംമെട്ട്, ബോഡിമെട്ട് എന്നിവിടങ്ങളിലാണ് ചെക്പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കുമളി ചളിമടയിലെ ചെക്പോസ്റ്റ് വാടകക്കെട്ടിടത്തിലാണ്. ഇതാകട്ടെ കാലപ്പഴക്കത്താല്‍ ഇടിഞ്ഞുവീഴാറായ അവസ്ഥയിലും. ഒരു ലൈവ് സ്റ്റോക് ഇന്‍സ്പെക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ജീവനക്കാര്‍ക്ക് താമസിക്കാന്‍ സൗകര്യമില്ല. ഒന്നരകിലോമീറ്റര്‍ അകലെയുള്ള മൃഗാശുപത്രിയുടെ ബാത്റൂമാണ് ഇവര്‍ ഉപയോഗിക്കുന്നത്. കാലികളുമായി വരുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്താനുള്ള കഴ സംവിധാനം മൂന്ന് ചെക് പോസ്റ്റുകളിലുമില്ല. അതിനാല്‍, സമീപത്തെ വില്‍പന നികുതി, എക്സൈസ് ചെക്പോസ്റ്റുകളിലത്തെി അവിടുത്തെ കഴസംവിധാനം ഉപയോഗിച്ചാണ് പരിശോധിക്കുന്നത്. ഡ്രൈവര്‍മാര്‍ സ്വമനസ്സാലേ വാഹനം നിര്‍ത്തിയാലോ മൃഗസംരക്ഷണ വകുപ്പിന്‍െറ ചെക്പോസ്റ്റില്‍ പരിശോധന നടക്കൂവെന്നതാണ് സ്ഥിതി. കട്ടപ്പനഭാഗത്തേക്കുള്ള ലോറികള്‍ക്ക് ചെക്പോസ്റ്റ് ഒഴിവാക്കിപ്പോകാന്‍ സൗകര്യമുള്ളതിനാല്‍ ഇവ പരിശോധിക്കാനാകില്ല. കുമളി കെ.കെ റോഡില്‍ വാഹനം തടഞ്ഞിട്ട് പരിശോധന ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ആഴ്ചയില്‍ ആയിരത്തോളം മൃഗങ്ങളെ കുമളി ചെക്പോസ്റ്റ്വഴി കൊണ്ടുവരുന്നുണ്ടെന്നാണ് കണക്ക്. കമ്പംമെട്ടിലും ബോഡിമെട്ടിലും സ്വന്തം കെട്ടിടമുണ്ടെങ്കിലും ഇവ അറ്റകുറ്റപ്പണി നടത്തേണ്ട സമയം കഴിഞ്ഞു. കമ്പംമെട്ട് വഴി ആഴ്ചയില്‍ നൂറോളവും ബോഡിമെട്ട് വഴി അമ്പതില്‍ താഴെയും മൃഗങ്ങളെയാണ് കടത്തുന്നത്. ഇവിടങ്ങളില്‍ ജീവനക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും സൗകര്യമില്ല. ബോഡിമെട്ടില്‍ ഒരു ഫീല്‍ഡ് ഓഫിസറുടെയും ഒരു സ്വീപ്പറുടെയും തസ്തിക ഒഴിഞ്ഞുകിടക്കുന്നു. കുടിവെള്ളമില്ലാത്തതും ഇവിടുത്തെ പ്രധാന പ്രശ്നമാണ്. സ്വന്തം ചെക്പോസ്റ്റുകളില്‍ ആവശ്യത്തിന് സൗകര്യമില്ലാത്തതിനാല്‍ ജീവനക്കാര്‍ മറ്റ് വകുപ്പുകളുടെ ചെക്പോസ്റ്റുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ പലപ്പോഴും പരിശോധന ശരിയായ രീതിയില്‍ നടക്കാറില്ല. ഇത് രോഗംബാധിച്ച കാലികളെയടക്കം കടത്താന്‍ സൗകര്യമാകുന്നു. കശാപ്പിനായി നിരവധി മൃഗങ്ങളെ ഓരോദിവസവും ജില്ലയിലേക്ക് കൊണ്ടുവരുന്ന സാഹചര്യത്തില്‍ അവയുടെ ഗുണനിലവാരം ശരിയായി പരിശോധിക്കാന്‍ സംവിധാനമില്ലാത്തത് പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതികള്‍ക്കൊന്നും ഫലമുണ്ടായില്ളെന്ന് ജീവനക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.