വ്യാജമദ്യം സുലഭം; നടപടി പ്രഹസനം

അടിമാലി: എക്സൈസ്-പൊലീസ് വകുപ്പുകള്‍ നിരന്തരം പരിശോധന തുടരുമ്പോഴും തമിഴ്നാട്ടില്‍നിന്ന് ജില്ലയിലേക്ക് മദ്യവും കഞ്ചാവും നിര്‍ബാധം കടത്തുന്നു. അധികൃതരുടെ നടപടികള്‍ പലപ്പോഴും പ്രഹസനമായി മാറുന്നതും കടത്തിനും വിപണനത്തിനും വ്യാജമദ്യലോബി പുതുവഴികള്‍ തേടിയിരിക്കുകയാണ്. ഇത് ജില്ലയില്‍ പലയിടത്തും വ്യാജമദ്യ നിര്‍മാണവും വില്‍പനയും തടസ്സമില്ലാതെ നടക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. പല ബിയര്‍-വൈന്‍ പാര്‍ലറുകളും വ്യാജ വിദേശമദ്യവും ബിവറേജ് ഷോപ്പുകളില്‍നിന്ന് വങ്ങുന്ന മദ്യവും സേവിക്കാന്‍ സൗകര്യവും ഒരുക്കിനല്‍കുന്നുണ്ട്. ആവശ്യക്കാരില്‍നിന്ന് ഫീസായി 250 രൂപ വരെ ഈടാക്കുന്നുണ്ട്. മീഥെയിന്‍ ആല്‍ക്കഹോള്‍ ഇറക്കുമതി ചെയ്ത് ഉള്‍നാടന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യം നിര്‍മിക്കുന്ന സംഘങ്ങളുമുണ്ട്. തമിഴ്നാട്ടില്‍ നിര്‍മിച്ചതെന്നപേരില്‍ തമിഴ് വംശജര്‍ കൂടുതലുള്ള അതിര്‍ത്തി മേഖലകളിലാണ് തമിഴ്നാട്ടിലെ രാഷ്ട്രീയക്കാരുടെയും സിനിമ താരങ്ങളുടെയും പേരിലുള്ള വ്യാജമദ്യം കൂടുതലായി വിതരണം ചെയ്യുന്നത്. കേരളത്തില്‍ ലഭിക്കുന്ന മദ്യത്തേക്കാള്‍ വിലകുറച്ച് കിട്ടുമെന്നതിനാല്‍ തോട്ടം തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇവ യഥേഷ്ടം ഉപയോഗിക്കുന്നു. ഉള്‍നാടന്‍ കാട്ടുപാതകള്‍ വഴിയും അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴിയുമാണ് മീഥെയിന്‍ ആല്‍ക്കഹോള്‍ കടത്തുന്നത്. പച്ചക്കറി വാഹനങ്ങളിലും മറ്റും എത്തുന്ന സ്പിരിറ്റ് അടുത്ത കാലത്തൊന്നും പിടികൂടിയിട്ടില്ല. വ്യാജമദ്യത്തിന്‍െറ അമിതോപയോഗം മൂലം നിരവധിപേര്‍ കരള്‍രോഗത്തിന് അടിമകളായതായി ആരോഗ്യമേഖലയിലുള്ളവരും പറയുന്നു. ചില അതിര്‍ത്തി ഗ്രാമങ്ങളിലും തോട്ടം മേഖലകളിലും വ്യാജവാറ്റ് സജീവമാണ്. പരാതികള്‍ ഉണ്ടാകുമ്പോള്‍ മുന്‍കൂട്ടി വിവരം നല്‍കി പ്രഹസന റെയ്ഡ് നടത്തി അധികൃതര്‍ ഉത്തരവാദിത്തത്തില്‍നിന്ന് മാറിനില്‍ക്കുന്നുവെന്നാണ് ആക്ഷേപം. അടിമാലിയിലെ ചില ഹോട്ടലുകളിലും ചായക്കടകളിലും വ്യാജമദ്യം വില്‍ക്കുന്നതായി വിവരമുണ്ട്. രാജാക്കാട്ടെ ചില ഹോട്ടലുകളില്‍ ബാറിനെ വെല്ലുന്ന സൗകര്യങ്ങളോടെയാണ് മദ്യം വിളമ്പുന്നത്. കൊന്നത്തടി പഞ്ചായത്തില്‍ പൂതകാളി, പാറത്തോട്, പണിക്കന്‍കുടി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി കേന്ദ്രങ്ങളില്‍ മദ്യവില്‍പന നടക്കുന്നു. ചിക്കനാലില്‍ ചിലയിടങ്ങളില്‍ കുടില്‍ വ്യവസായം പോലെയാണ് വ്യജമദ്യ നിര്‍മാണം. ഇവ മറ്റ് ജില്ലകളിലേക്കത്തെിച്ച് നിറംചേര്‍ത്ത് വിദേശമദ്യമാക്കി വില്‍ക്കുന്ന സംഘങ്ങളുമുണ്ട്. അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴിയും ടോപ് സ്റ്റേഷന്‍ വഴിയും വന്‍തോതില്‍ കഞ്ചാവും ജില്ലയിലത്തെുന്നു. കുണ്ടളയില്‍ നേരത്തേ വനം-എക്സൈസ് വകുപ്പുകളുടെ ചെക്പോസ്്റ്റ് ഉണ്ടായിരുന്നെങ്കിലും നിര്‍ത്തലാക്കി. ഇത് ലഹരി-ചന്ദന മാഫിയകള്‍ക്ക് സഹായകമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.