കാട് കരിയുന്നു

തൊടുപുഴ: കടുത്ത വേനലിനെ തുടര്‍ന്ന് വനമേഖല കരിഞ്ഞുണങ്ങിയതോടെ തീറ്റതേടി വന്യമൃഗങ്ങള്‍ അലയുന്നു. ഇവ കാടു വിട്ട് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയതോടെ വന്യമൃഗശല്യവും ജില്ലയില്‍ രൂക്ഷമായി. ഇതിനിടെ വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഭവങ്ങളും വര്‍ധിച്ചതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്ന കാട്ടാനകള്‍ നാട്ടുമ്പുറങ്ങളില്‍ തമ്പടിച്ചാല്‍ പിന്നെ തിരിച്ചു പോകാത്തത് പ്രദേശവാസികളെയും ഭീതിയിലാഴ്ത്തി. മറയൂരിലെ ചന്ദന സംരക്ഷണ വേലികള്‍ കാട്ടാനക്കൂട്ടം വ്യാപകമായി തകര്‍ത്തിട്ടുണ്ട്. ചന്ദന റിസര്‍വില്‍ വേലിക്കകത്ത് കുടുങ്ങിയ കാട്ടുപോത്തുകള്‍ മറ്റ് മേഖലകളിലേക്ക് കടക്കാന്‍ പറ്റാതെ കുടുങ്ങി പട്ടിണി മൂലം ചത്തൊടുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യുന്നു. മഴ നിഴല്‍ പ്രദേശങ്ങളിലൊന്നാണ് ചിന്നാര്‍. ഇവിടെ കാലവര്‍ഷത്തില്‍പോലും വേണ്ടത്ര മഴ ലഭിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം കാര്യമായ മഴ കിട്ടാതെ വനം വറ്റിവരണ്ടതോടെ വന്യമൃഗങ്ങള്‍ മറയൂര്‍ മേഖലയില്‍ കൃഷിത്തോട്ടങ്ങളില്‍ ഇറങ്ങുന്നത് പതിവായിരുന്നു. ഇപ്പോള്‍ വനം വിട്ട് മറ്റ് മേഖലയിലേക്ക് തീറ്റക്കും നീരുറവക്കുമായി നെട്ടോട്ടം പായുകയാണ്. ചന്ദന സംരക്ഷണത്തിനായി 2006ല്‍ പണിത വേലിക്കുള്ളിലാണ് കാട്ടുപോത്തുകള്‍ കുടുങ്ങിക്കിടന്ന് ചത്തൊടുങ്ങുന്നത്. ഇവക്ക് വെള്ളവും പുല്ലും ലഭിക്കാത്തതാണ് കാരണം. മറ്റ് സ്ഥലങ്ങളിലേക്ക് തീറ്റതേടി പോകാന്‍ സാധിക്കാതെ 12 അടി ഉയരത്തിലുള്ള വേലിക്കുള്ളില്‍ പലതും കുടുങ്ങി. കാട്ടുപോത്തുകള്‍ വര്‍ഷം തോറും ചത്തൊടുങ്ങുന്നത് കണക്കിലെടുത്ത വനം വകുപ്പ് കഴിഞ്ഞ വര്‍ഷം വരെ ഇതിനുള്ളില്‍ കുടുങ്ങിയവയെ സമീപവനത്തിലേക്ക് തുറന്നുവിട്ടിരുന്നു. എന്നാല്‍, ഇതില്‍ അഞ്ചു കാട്ടുപോത്തുകള്‍ ഉള്ളില്‍ ശേഷിച്ചു. ഇതിലൊന്നാണ് കഴിഞ്ഞ മാസം ചത്തത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കുപോലും ജലം ലഭിക്കാതായതോടെ ജില്ലയിലെ കാര്‍ഷിക മേഖല പൂര്‍ണമായി കരിഞ്ഞുണങ്ങി. വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചത് തന്നാണ്ട് കൃഷികളെയാണ്. മലയോരത്തെ ചെറുതും വലുതുമായ ജലസ്രോതസ്സുകള്‍ വറ്റിവരണ്ട് നീരൊഴുക്ക് നിലച്ചതോടെ അണക്കെട്ടുകളില്‍ വെള്ളമില്ല. ഇതേതുടര്‍ന്ന് വൈദ്യുതി ഉല്‍പാദനവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ആദ്യമായാണ് ജലാശയങ്ങളില്‍ ഇത്രയും ജലനിരപ്പ് താഴ്ന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ ഈ സമയത്ത് ആവശ്യത്തിന് വേനല്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍, ഇത്തവണ കാര്യമായി ഉണ്ടായില്ല. ഇതും വൃഷ്ടി പ്രദേശങ്ങളില്‍ പെയ്തില്ല. ഇതോടെ അണക്കെട്ടുകളിലേക്ക് നീരൊഴുക്കും നിലച്ചു. സംഭരണശേഷിയുടെ പകുതിയില്‍ താഴെ വെള്ളമാണ് മിക്ക അണക്കെട്ടുകളിലും. ഇതിനിടെ വൈദ്യുതി ഉപഭോഗം കൂടി വര്‍ധിച്ചതോടെ ഉല്‍പാദനവും ഇരട്ടിയാക്കി. ഇങ്ങനെ പോയാല്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് സംസ്ഥാനത്തിന്‍െറ വൈദ്യുതി ലഭ്യതക്ക് വന്‍ പ്രതിസന്ധി സൃഷ്ടിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.