കട്ടപ്പന: വോട്ട് നല്‍കണമെന്ന് സ്നേഹത്തോടെ അഭ്യര്‍ഥിച്ചപ്പോള്‍ ചെവിയില്‍ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ വോട്ടറുടെ മുഖം ഇപ്പോഴും മായാതെ നില്‍ക്കുന്നു മുന്‍ എം.എല്‍.എ തോമസ് ജോസഫിന്‍െറ മനസ്സില്‍. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കന്നി അങ്കത്തിനിറങ്ങിയപ്പോഴായിരുന്നു ഇത്. കാതില്‍ അസഭ്യം പറഞ്ഞ വോട്ടറോട് ‘വളരെ സന്തോഷം അതുമതി അതുമതി’ എന്ന് സ്നേഹത്തോടെ മറുപടി നല്‍കി മുന്നോട്ട് നീങ്ങിയ സ്ഥാനാര്‍ഥിയെ വോട്ടറുടെ സുഹൃത്തുക്കള്‍ അദ്ഭുതത്തോടെയാണ് നോക്കിയത്. ചിന്നക്കനാലിലെ പ്രധാന റൗഡിയോടായിരുന്നു തോമസ് ജോസഫ് വോട്ട് അഭ്യര്‍ഥിച്ചത്. മാത്രമല്ല എതിര്‍പാര്‍ട്ടിയുടെ ശക്തനായ അനുയായി കൂടിയായിരുന്നു അയാള്‍. ഇതൊന്നും അറിയാതെയാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ തോമസ് ജോസഫ് അഭ്യര്‍ഥന നടത്തിയത്. വോട്ട് തേടിയത്തെിയ എതിര്‍സ്ഥാനാര്‍ഥിയോട് എങ്ങനെയാകും അയാള്‍ പ്രതികരിക്കുകയെന്നത് അവിടെ കൂടി നിന്നവര്‍ക്കെല്ലാം അറിയാമായിരുന്നു. പക്ഷേ, ആ സന്ദര്‍ഭത്തെ മനോഹരമായി അതിജീവിക്കാന്‍ തന്‍െറ മറുപടി സഹായകരമായതായി കട്ടപ്പനയില്‍ വിശ്രമ ജീവിതം നയിക്കുന്ന തോമസ് ജോസഫ് ഓര്‍ക്കുന്നു. തന്‍െറ സൗമ്യ ശീലവും അധ്യാപന ജോലി നല്‍കിയ ജീവിത പരിചയവും ആ സന്ദര്‍ഭത്തെ അതിജീവിക്കാന്‍ അദ്ദേഹത്തിന് സഹായകരമായി മാറിയിരിക്കാം. 1977ലാണ് തോമസ് ജോസഫ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നിയമസഭാ മണ്ഡലമായിരുന്നു അന്ന് ഉടുമ്പന്‍ചോല. പരപ്പ് ചപ്പാത്തിനടുത്ത് ഹെവന്‍വാലിയില്‍നിന്ന് ചിന്നക്കനാലില്‍ തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്ന മുതുവാന്‍കുടി വരെയത്തെുന്ന മണ്ഡലത്തിന് 167 കി.മീ. ദൂരമുണ്ടായിരുന്നു. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ളതിനേക്കാള്‍ ദൂരം. റോഡ് എന്ന് വിളിക്കാന്‍പോലും ആകാത്ത പാതയിലൂടെ ജീപ്പില്‍ ഇത്രയും ദൂരം യാത്ര ചെയ്ത് വോട്ട് ഉറപ്പാക്കുക പോലും സാഹസികമായിരുന്ന കാലം. 21 ദിവസം നീണ്ട പ്രചാരണത്തിനിടെ രണ്ടുതവണയെങ്കിലും അന്ന് മണ്ഡലത്തില്‍ എല്ലാ സ്ഥലത്തും ഓടിയത്തെിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുയോഗങ്ങളും പോസ്റ്ററുകളും മാത്രമായിരുന്നു അന്ന് പ്രചാരണത്തിന് ഉപയോഗിച്ചത്. പോസ്റ്ററില്‍ സ്ഥാനാര്‍ഥിയുടെ മുഖം പോലും അച്ചടിച്ചിരുന്നില്ല. പേരും ചിഹ്നവും മാത്രമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ആദ്യതവണ മത്സരിച്ചപ്പോള്‍ ആറര ലക്ഷമാണ് പ്രചാരണത്തിനായി ചെലവായതെന്നും ഓര്‍ക്കുന്നു അദ്ദേഹം. രണ്ടാം തവണ ഒമ്പതര ലക്ഷമായി. സ്ഥാനാര്‍ഥി തന്നെയായിരുന്നു പ്രചാരണത്തിനുള്ള പണം കണ്ടെത്തേണ്ടിയിരുന്നതെന്ന കാര്യം തോമസ് ജോസഫ് എടുത്തുപറയാന്‍ മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.