നഗരത്തില്‍ വേനല്‍ക്കാല രോഗങ്ങള്‍ പിടിമുറുക്കുന്നു

തൊടുപുഴ: തൊടുപുഴയിലും സമീപ പഞ്ചായത്തുകളിലും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകമാകുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച നഗരസഭയും ശുചിത്വ മിഷനും സംയോജിച്ച് നഗരസഭാ വാര്‍ഡുകളില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് തൊടുപുഴ നഗരസഭാ കൗണ്‍സിലില്‍ യോഗം ചേര്‍ന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം പങ്കെടുത്തു. തൊടുപുഴയില്‍ കൊതുകുകള്‍ പെരുകുകയാണെന്നും ഇതിനെ തുരത്താനും മഴക്കാലപൂര്‍വ ശുചീകരണത്തിന് നടപടി സ്വീകരിക്കാനും പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഇതിനായി ശുചിത്വ മിഷന്‍ നല്‍കിയ 10,000 രൂപ, എന്‍.ആര്‍.എച്ച്.എം 10,000 രൂപ, നഗരസഭ 5000 രൂപ എന്നിങ്ങനെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചു. നഗരസഭയും ഫിഷറീസ് വകുപ്പും സംയുക്തമായി നഗരസഭ പരിധിയിലുള്ള തെരഞ്ഞെടുക്കപ്പെട്ട 140 വീടുകളില്‍ മത്സ്യകൃഷി ആരംഭിക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി. പദ്ധതിയുടെ ഭാഗമായി കുളം നിര്‍മിച്ച് ടര്‍പോളിന്‍ വിരിച്ചാണ് മത്സ്യകൃഷി ആരംഭിക്കുന്നത്. ഇതിലേക്കായി ഫിഷറീസ് വകുപ്പ് സൗജന്യമായി ഒരുകര്‍ഷകന് 60 മത്സ്യക്കുഞ്ഞുങ്ങളെ വീതം നല്‍കും. തൊടുപുഴയില്‍ പദ്ധതിയുടെ ഭാഗമായി ആറുപേര്‍ മത്സ്യകൃഷി നടത്തുന്നുണ്ട്. ഇതിലേക്കായി ഏഴുലക്ഷം രൂപ നഗരസഭ മാറ്റിവെച്ചു. നിയോജക മണ്ഡലത്തിലെ 13 പഞ്ചായത്തുകളിലും നഗരസഭയിലും പദ്ധതി വ്യാപിപ്പിക്കും. കര്‍ഷകന് ഒരു കുളത്തിന് 5000 രൂപ നിരക്കില്‍ സബ്സിഡി നല്‍കുമെന്നും ഫിഷറീസ് ഉദ്യോഗസ്ഥര്‍ കൗണ്‍സിലില്‍ അറിയിച്ചു. കൗണ്‍സിലില്‍ ഒമ്പത് അജന്‍ഡകളാണ് ചര്‍ച്ചക്കായി എടുത്തത്. കോതായിക്കുന്ന് ബൈപാസിലെ അനധികൃത കച്ചവടം ഒഴിപ്പിച്ച നഗരസഭ നടപടിക്കെതിരെ ഒംബുഡ്സമാന്‍ ഏര്‍പ്പെടുത്തിയ സ്റ്റേ പിന്‍വലിക്കുന്നതിന് ഒംബുഡ്സ്മാനെ സമീപിക്കാന്‍ അഡ്വക്കേറ്റിനെ നിയമിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. വെങ്ങല്ലൂര്‍ ഷാപ്പിന് സമീപം തോടു പുറംപോക്ക് കൈയേറി വന്‍ കെട്ടിടസമുച്ചയം നിര്‍മിക്കുന്ന തൊടുപുഴയിലെ പ്രമുഖ വ്യവസായിയുടെ കൈയില്‍നിന്ന് പുറംപോക്ക് ഭൂമി തിരിച്ചെടുക്കാന്‍ കൗണ്‍സില്‍ തീരുമാനിക്കണമെന്ന് സി.പി.എം കൗണ്‍സിലര്‍ കെ.പി. ഷിംനാസ് ആവശ്യമുന്നയിച്ചു. ഈ കേസ് അഡ്വക്കേറ്റിനെ എല്‍പിക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി. തൊടുപുഴ പാലത്തില്‍ പരസ്യം സ്ഥാപിച്ചിരുന്ന കാലഹരണപ്പെട്ട കേബ്ളുകളില്‍ക്കൂടി വൈദ്യുതി പ്രവഹിച്ച സംഭവത്തില്‍ പഴയ പരസ്യക്കാരെ ഒഴിവാക്കി പുതിയ സ്പോണ്‍സറെ തേടാനും പാലത്തിന്‍െറ ഇരുവശങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭയില്‍ പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ 4,68,000 രൂപക്ക് ക്വട്ടേഷന്‍ വെച്ച തരയില്‍ ടോമി ജോസഫിന് പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ കൗണ്‍സില്‍ അനുമതി നല്‍കി. കൂടാതെ തൊടുപുഴ നഗരസഭാതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ തിയറ്ററുകളിലെ ടിക്കറ്റ് നിരക്കുകള്‍ പുതുക്കിനിശ്ചയിക്കുന്നതിന് തിയറ്റര്‍ ഉടമകള്‍ നല്‍കിയ കത്തിനും അംഗീകാരം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.