അടിമാലി: നിരോധിത എയര്‍ഹോണ്‍ മുഴക്കി ഹൈറേഞ്ചിലൂടെ സ്വകാര്യ ബസുകള്‍ ചീറിപ്പായുന്നു. അടിമാലി, മൂന്നാര്‍, പണിക്കന്‍കുടി, പൂപ്പാറ, രാജാക്കാട്, മറയൂര്‍, കോവിലൂര്‍, നെടുങ്കണ്ടം, മുരിക്കാശ്ശേരി മുതലായ റൂട്ടുകളിലാണ് നിരോധിത എയര്‍ഹോണ്‍ മുഴക്കി സ്വകാര്യ സര്‍വിസ് ബസുകള്‍ ഓടുന്നത്. നിയമവിരുദ്ധമായി എയര്‍ഹോണ്‍ ഉപയോഗിക്കുക വഴി വന്യജീവികള്‍ക്കും നാട്ടുകാര്‍ക്കും വാഹന യാത്രികര്‍ക്കും ഏറെ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമെ തിരക്കുള്ള വീതികളില്‍ എയര്‍ഹോണ്‍ ഉപയോഗിക്കുന്നത് പൊതുജനത്തിന്‍െറ കേള്‍വി ശക്തിക്ക് ദോഷമായി ബാധിക്കുകയും ചെയ്യും. അടിമാലിയില്‍ 120 സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതില്‍ പകുതിയിലേറെ ബസുകളില്‍ നിരോധിത എയര്‍ഹോണുകള്‍ ഉപയോഗിക്കുന്നതായാണ് വിവരം. ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കുന്ന വിധത്തില്‍ ഹോണുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. എന്നാല്‍, സ്റ്റാന്‍ഡില്‍ ബസുകള്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് നില്‍ക്കുബോഴാണ് ബസുകളില്‍നിന്ന് നിലക്കാതെ ഹോണ്‍ മുഴങ്ങുന്നതെങ്കിലും നടപടിമാത്രം ഉണ്ടാകുന്നില്ല. അതുപോലെ സര്‍വിസ് ബസുകളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കരുതെന്നാണ് നിയമം. എന്നാല്‍, ഭൂരിഭാഗം സര്‍വിസ് ബസുകളിലും മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിച്ചാണ് ഓടുന്നത്. തോട്ടം മേഖലയായ മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കള്ള ടാക്സികളും പേപ്പര്‍ ഭാഗങ്ങളും ഇല്ലാത്ത വാഹനങ്ങളും നിരവധിയാണ്. വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ യൂക്കാലി മരങ്ങള്‍ വെട്ടിയെടുക്കുന്ന പ്രവൃത്തിക്കായി നിരവധി വാഹനങ്ങള്‍ ഓടുന്നു. ഇതിനെല്ലാം പുറമെ സര്‍വിസ് വാഹനങ്ങള്‍ക്ക് ഭീഷണിയായി സമാന്തര സര്‍വിസ് വാഹനങ്ങളുടെ അതിപ്രസരവും നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും ആര്‍.ടി.ഒ വിഭാഗം ഉറക്കത്തിലാണ്. അടിമാലി, നെടുങ്കണ്ടം ആര്‍.ടി.ഒ ഓഫിസുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഓട്ടോ കണ്‍സല്‍ട്ടന്‍സികളും ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാരുമാണ്. വാഹന ഇടപാടുമായി ബന്ധപ്പെട്ട് ആരെങ്കിലും ആര്‍.ടി ഓഫിസുകളില്‍ എത്തിയാല്‍ ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാരായ ഏജന്‍റുമാരുടെ അടുത്തേക്ക് പറഞ്ഞയക്കുന്നു. ഇത് നിസ്സാര കാര്യത്തിനുപോലും വന്‍തുക നഷ്ടമാകാന്‍ കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങള്‍ അടിയന്തരമായ പരിഹാരം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.