വികസനത്തില്‍ മുന്നേറിയെന്ന് രാഷ്ട്രീയക്കാര്‍; ജീപ്പെങ്കിലും വന്നാല്‍ മതിയെന്ന് നാട്ടുകാര്‍

മാങ്കുളം: വികസനരംഗത്ത് വന്‍ കുതിപ്പാണ് അഞ്ചു വര്‍ഷം മാങ്കുളത്ത് ഉണ്ടായതെന്ന് ഭരണപക്ഷവും പ്രതിപക്ഷ എം.എല്‍.എയും പറയുമ്പോള്‍ കടുത്ത അവഗണനയുടെ കഥയാണ് വിരിഞ്ഞപാറ നിവാസികള്‍ക്ക് പറയാനുള്ളത്. 1980ലും ’85ലും സര്‍ക്കാര്‍ വിതരണം ചെയ്ത ഭൂമിയില്‍ താമസക്കാരായ വിരിഞ്ഞപാറ നിവാസികള്‍ക്ക് 35 വര്‍ഷം കഴിഞ്ഞിട്ടും സുഗമമായി ജീപ്പ് സഞ്ചരിക്കുന്ന ഒരു വഴിപോലുമില്ല. മാങ്കുളം പഞ്ചായത്തിലെ വിരിഞ്ഞപാറയിലേക്ക് താളുംകണ്ടം വേലിയാംപാറ വഴിയുള്ള റോഡ് മൂന്നു കി.മീ. കൂടി നിര്‍മിച്ചാല്‍ വിരിഞ്ഞപാറയിലത്തെും. എന്നാല്‍, ആരും അക്കാര്യത്തില്‍ താല്‍പര്യപ്പെടുന്നില്ല. മാങ്കുളം റേഷന്‍കട സിറ്റിയില്‍നിന്ന് മറ്റൊരു റോഡുള്ളത് ഇടക്കിടെ കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളതുകൊണ്ട് കഷ്ടിച്ച് യാത്ര ചെയ്യാം. പക്ഷേ, ഈ കോണ്‍ക്രീറ്റും പലയിടത്തും അടര്‍ന്നു തുടങ്ങി. മൂന്ന് മീറ്റര്‍ വീതിയില്‍ ചെയ്ത ഈ കോണ്‍ക്രീറ്റ് വിരിഞ്ഞപാറയുടെ ഭാവി വികസനത്തെ തന്നെ ഇല്ലാതാക്കാനെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പ്രാദേശിക കോണ്‍ട്രാക്ടര്‍മാര്‍ക്ക് ജോലി നല്‍കാനും കൂടുതല്‍ ലാഭം ഉണ്ടാക്കാനുമാണ് ടാറിങ് മാറ്റി കോണ്‍ക്രീറ്റ് ചെയ്തതെന്നാണ് പരാതി. വേലിയാംപാറ-വിരിഞ്ഞപാറ റോഡില്‍ വിരിഞ്ഞപാറക്കടുത്ത് ഒരു കലുങ്കില്ലാത്തതുമൂലം ഈ വഴിയുള്ള ജീപ്പ് ഗതാഗതവും മുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.