അടിമാലി: ചീട്ട് ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അഞ്ചുപേരെ പിടികൂടി. അടിമാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൂമ്പന്‍പാറയില്‍ കാട്ടുമറ്റത്തില്‍ സജിയുടെ വീട്ടില്‍ ചൂതാട്ടത്തിലേര്‍പ്പെട്ടിരുന്നവരെയാണ് അടിമാലി എസ്.ഐ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. വീട്ടുടമ സജി, ആനവിരട്ടി രാമമന്ദിരം ജയചന്ദ്രന്‍, കുരങ്ങാട്ടി അരിപ്ളാക്കല്‍ രാജേന്ദ്രന്‍, കുരങ്ങാട്ടി കൊല്ലിയാട്ട് ചാക്കോ, കൂമ്പന്‍പാറ മുത്തക്കല്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈയില്‍നിന്ന് 3700 രൂപയും പൊലീസ് പിടിച്ചെടുത്തു. മൂന്നാര്‍ പൊലീസ് ഡിവിഷന് കീഴില്‍ വ്യാപകമായി നടക്കുന്ന ചൂതാട്ടങ്ങളെക്കുറിച്ച് തിങ്കളാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇടുക്കി എസ്.പിയുടെയും മൂന്നാര്‍ എ.എസ്.പിയുടെയും നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ചൂതാട്ട സംഘങ്ങള്‍ പിടിയിലായത്. അടിമാലി സി.ഐയുടെ നേതൃത്വത്തില്‍ ചൂതാട്ട മാഫിയകളെ അമര്‍ച്ചചെയ്യുന്നതിന് പ്രത്യേക സംഘവും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അടിമാലി, വെള്ളത്തൂവല്‍, രാജാക്കാട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വന്‍കിട ക്ളബുകളും റിസോര്‍ട്ടുകളും വാടകവീടുകളും കേന്ദ്രീകരിച്ച് നിരവധി സംഘങ്ങളാണ് ചൂതാട്ടം നടത്തുന്നത്. ചൂതാട്ട കേന്ദ്രങ്ങളില്‍ ബാറുകളെ വെല്ലുന്ന സൗകര്യങ്ങളോടെ മദ്യവും വിളമ്പുന്നുണ്ട്. ചില പൊലീസുകാര്‍ക്ക് ഇത്തരം ക്ളബുകളിലുള്ള ബന്ധവും അംഗത്വവും പൊലീസ് റെയ്ഡുകളില്‍നിന്ന് ക്ളബുകാരെ രക്ഷിക്കുന്നു. ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാല്‍ ക്ളബുകളില്‍ നടക്കുന്ന ചൂതാട്ടവും മദ്യംവിളമ്പലിനെതിരെയും പൊലീസ് നടപടി ഇല്ലാതാകാന്‍ കാരണമാകുകയും ചെയ്യുന്നു. വരും ദിവസങ്ങളില്‍ റെയ്ഡ് തുടരുമെന്ന് അടിമാലി സി.ഐ ജെ. കുര്യാക്കോസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.