അടിമാലി: തോട്ടം മേഖലയിലെ അമിത കീടനാശിനി പ്രയോഗം ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളെ മലിനമാക്കുന്നു. തേയില-ഏലം തോട്ടം മേഖലയിലാണ് അമിതമായ കീടനാശിനി പ്രയോഗം നടത്തുന്നത്. ഇതോടെ മുതിരപ്പുഴ, നല്ലതണ്ണി, കല്ലാര്‍ പുഴകളും തോട്ടം മേഖലയിലെ ജലസമ്പത്തിനും ഭീഷണിയാണ്. കീടനാശിനി കലര്‍ന്ന വെള്ളം ഉപയോഗിക്കുകവഴി വന്യമൃഗങ്ങള്‍ക്കും ജീവഹാനി ഉണ്ടാകുന്നു. ജില്ലയില്‍ 60000 ഹെക്ടറിന് മുകളിലാണ് തെയില-ഏലം കൃഷികള്‍ ഉള്ളത്. കാന്‍സര്‍ രോഗത്തിന് കാരണമായ എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക കീടനാശിനികളാണ് തോട്ടം മേഖലയില്‍ തളിക്കുന്നത്. നിരോധിത കീടനാശിനികള്‍ മലയാളികളോ തമിഴരോ ആയ തൊഴിലാളികളെ വെച്ച് ഉപയോഗിച്ചാല്‍ സംഭവം പുറത്തുവന്ന് വിവാദമാകുമെന്ന ഭീതിയില്‍ ഇവരറിയാതെ ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. കൃഷിക്കുവേണ്ടി മാരകമായ വിഷം തളിക്കുന്നതുമൂലം ആനയും കാട്ടുപോത്തും അടക്കമുള്ള വന്യമൃഗങ്ങള്‍ ചത്ത സംഭവങ്ങളും ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ചത്തൊടുങ്ങുന്ന മൃഗങ്ങളെ സമീപത്ത് രഹസ്യമായി കുഴിച്ചുമൂടുന്നു എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞവര്‍ഷം കുണ്ടളയില്‍ കാട്ടുപോത്തുകള്‍ വ്യാപകമായി ചത്തുവീണതും വിഷാംശം ഉള്ളില്‍ ചെന്നാണത്രെ. പ്രതിദിനം കൃഷിക്കാവശ്യത്തിനായി ലക്ഷക്കണക്കിനു ലിറ്റര്‍ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. ജില്ലയില്‍ തോട്ടം മേഖലയില്‍ മാത്രം 1000ലേറെ കാന്‍സര്‍ രോഗികള്‍ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍െറ കണ്ടത്തെല്‍. ഇതിന് പുറമെ അംഗ പരിമിതരായവര്‍ ആയിരക്കണക്കായി വളരുന്നു. ഇതിന് മുഖ്യമായ കാരണം കീടനാശിനി ഉപയോഗമാണ്. കാന്‍സര്‍ ബാധിച്ച് മാസം 25ലേറെ മരണവും തോട്ടം മേഖലയിലുണ്ടാകുന്നു. തോട്ടങ്ങളില്‍ തളിക്കുന്ന കീടനാശിനികള്‍ മണ്ണില്‍ ലയിക്കാത്തതും മഴപെയ്താല്‍ ഇത് അണക്കെട്ടിലേക്ക് ഒലിച്ചിറങ്ങി വെള്ളത്തില്‍ കലരുന്നതുമൂലം ഭാവിയില്‍ വലിയൊരു വിപത്തുതന്നെ സംഭവിക്കാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.