വന്യമൃഗശല്യം രൂക്ഷം; കൃഷിനാശം വ്യാപകം

അടിമാലി: ജില്ലയുടെ മിക്ക ഭാഗത്തും മുമ്പെങ്ങുമില്ലാത്ത വിധം വന്യമൃഗശല്യം രൂക്ഷമാകുന്നു. ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യമൃഗശല്യം നേരത്തേ മുതല്‍ ഉണ്ടെങ്കിലും ഇത്രത്തോളം രൂക്ഷമായ സാഹചര്യമുണ്ടായിട്ടില്ളെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടാന മുതല്‍ കടുവയും പുലിയുംവരെയുള്ള വന്യജീവികളുടെ ശല്യമാണ് വര്‍ധിച്ചിരിക്കുന്നത്. കുരങ്ങും കാട്ടാനയും ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിക്കാത്ത ഒരു ദിനംപോലും ഇടുക്കിയിലില്ല. മറയൂര്‍ പോലുള്ള ഗ്രാമീണ മേഖലകളില്‍ കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് വലിയ സംഭവം പോലുമല്ലാതായിട്ടുണ്ട്. പകലും രാത്രിയുമെല്ലാം കൃഷിയിടങ്ങളില്‍ തമ്പടിച്ച് ജനജീവിതത്തിനും വലിയ പ്രയാസം നേരിടുമ്പോള്‍ മാത്രമാണ് വിവരം പുറത്തേക്ക് അറിയുന്നത്. പതിവ് ശല്യത്തിനൊപ്പം പരിക്കേറ്റ മൃഗങ്ങള്‍ ജനവാസ മേഖലയില്‍നിന്ന് പോകാത്തതും ഭീതി വിതക്കുന്നുണ്ട്. എളംപ്ളാശേരിയില്‍ തുമ്പികൈ മുറിഞ്ഞ കാട്ടാന ദിവസങ്ങളാണ് ജനവാസ കേന്ദ്രത്തില്‍ നിലയുറപ്പിച്ചത്. ഇത് ജനങ്ങളുടെ ജീവന് ഭീഷണി ആയതിന് പുറമെ വന്‍ കൃഷിനാശമാണ് ഉണ്ടാക്കിയത്. മറയൂര്‍, മാങ്കുളം, ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ കൂട്ടമായത്തെുന്ന കാട്ടാനകള്‍ രാവും പകലും തോട്ടങ്ങളില്‍ തമ്പടിക്കുന്നു. കാട്ടാനകളെ പേടിച്ച് പലയിടത്തും നാട്ടിലിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. മറയൂര്‍, മാട്ടുപ്പെട്ടി, ചിന്നാര്‍, ആനകുളം, ചിന്നക്കനാല്‍, ബിയല്‍ റാം എന്നിവിടങ്ങളില്‍ പകല്‍പോലും കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളില്‍ തീറ്റതേടുന്ന കാഴ്ച അവിടത്തുകാര്‍ക്ക് പരിചിതമാണ്. വനാതിര്‍ത്തികളിലെ തകര്‍ന്നുപോയ കിടങ്ങുകളുടെ ഭാഗത്തുകൂടിയും കാട്ടാനകള്‍ എത്തുന്നുണ്ട്. ജില്ലയുടെ പലഭാഗത്തും കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് കിട്ടിയ വിലയ്ക്ക് ഭൂമി വില്‍ക്കാന്‍ തയാറാകുന്നുവെങ്കിലും വാങ്ങാന്‍ ആരും എത്തുന്നില്ല. പൂയംകുട്ടി വനമേഖലയില്‍ കാട്ടാന വേട്ടയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മൂന്നാര്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വന്‍തോതില്‍ വന്യമൃഗവേട്ട നടക്കുന്നതായും വിവരമുണ്ട്. പാമ്പാടുംപാറ, ശാന്തന്‍പാറ, ചതുരംഗപ്പാറ എന്നിവിടങ്ങളില്‍ കാട്ടുപോത്തുകള്‍ വന്‍ തോതില്‍ കൃഷി നശിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അടിമാലി, ചിന്നക്കനാല്‍ പ്രദേശങ്ങളില്‍ മാത്രം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 13 പേരാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. വനത്തിനുള്ളില്‍ ഭക്ഷണം കിട്ടാത്തതും കാട്ടുതീയും നായാട്ടുസംഘങ്ങളുടെ ശല്യവും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.