ബോധവത്കരണം പോളിങ് ശതമാനം വര്‍ധിപ്പിക്കും –കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷക

തൊടുപുഴ: ജില്ലയിലെ വോട്ടിങ് ശതമാനം 75 മുതല്‍ 85 ശതമാനം വരെ എത്തിക്കാന്‍ ലക്ഷ്യമിട്ട ബോധവത്കരണ പരിപാടികള്‍ പൂര്‍ണ വിജയത്തിലത്തെുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നിരീക്ഷക രഞ്ജന ദേവ് ശര്‍മ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ നടത്തിയ ഒരുക്കങ്ങളില്‍ അവര്‍ തൃപ്തി അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ വോട്ടിങ് ശതമാനത്തില്‍ നാലുശതമാനം കുറവാണ് ജില്ലയിലെന്നതും അത് കുറക്കാന്‍ കൂടുതല്‍ പ്രചാരണം സംഘടിപ്പിക്കണമെന്നും നിര്‍ദേശം നല്‍കി. സ്ത്രീകളെ കൂടുതലായി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള നടപടി ഊര്‍ജിതമാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. എ. കൗശിഗന്‍ പറഞ്ഞു. ആദിവാസി മേഖലകളിലും തോട്ടം മേഖലയിലും പോളിങ് ശതമാനം കൂട്ടാന്‍ പ്രത്യേക കാമ്പയിന്‍ നടത്തുകയാണെന്നും കലക്ടര്‍ അറിയിച്ചു. പോസ്റ്റല്‍ വോട്ടുകളുടെ അസാധു വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും പരിശീലനം നല്‍കും. 15ാം തീയതി മുതല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള തെരഞ്ഞെടുപ്പ് പരിശീലനം ആരംഭിക്കും. വിവിധ നിയോജക മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫിസര്‍മാരായ സബിന്‍ സമീദ് (ദേവികുളം), വി. രാജചന്ദ്രന്‍ (ഉടുമ്പന്‍ചോല), എന്‍.ടി.എല്‍ റെഡ്ഢി (തൊടുപുഴ), കെ.കെ.ആര്‍. പ്രസാദ് (ഇടുക്കി), പി.എ. റസീന (പീരുമേട്), ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.ജി. രാധാകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫ് തുടങ്ങിയവര്‍ ഒരുക്കങ്ങളുടെ പുരോഗതി ധരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.