‘വൈദ്യുതി പ്രസരണ നഷ്ടം കുറക്കുന്നതിന് പുതുരീതികള്‍ അവലംബിക്കണം’

മുട്ടം: പ്രസരണ നഷ്ടം കുറക്കുന്നതിനായി ഭൂമിക്കടിയിലൂടെ വൈദ്യുതി ലൈന്‍ വലിക്കുന്നത് ഉള്‍പ്പെടെയുള്ള പുതുരീതികള്‍ കെ.എസ്.ഇ.ബി അവലംബിക്കണമെന്ന് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജി പ്രിന്‍സിപ്പല്‍ ഡോ. പി.സി. നീലകണ്ഠന്‍. തൊടുപുഴയില്‍ നടന്ന 63ാമത് കെ.എസ്.ഇ.ബി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി ഉപഭോഗം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ പരിഹാരമുണ്ടാക്കണമെന്ന് ചൂണ്ടിക്കാട്ടി. ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട ആനുകാലിക സംഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത സമ്മേളനം കെ.എസ്.ഇ.ബിയുടെ ഉന്നതിക്കായി എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കി. സമ്മേളനത്തോടനുബന്ധിച്ച് ‘എനര്‍ജി സെക്യൂരിറ്റി ഓപണ്‍ അക്സസ് Vs ഇന്‍േറണല്‍ ജനറേഷന്‍’ വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സിയാല്‍ ജനറല്‍ മാനേജര്‍ ജോസ് തോമസ്, കെ.എസ്.ഇ.ബി സി.ഇ എന്‍.എന്‍. ഷാജി എന്നിവര്‍ അവതരിപ്പിച്ചു. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്ന് വാങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കേരളം പ്രധാനമായും ആശ്രയിക്കുന്നത് ജലവൈദ്യുതി പദ്ധതിയെയാണ്. ചെറിയതോതില്‍ കാറ്റില്‍നിന്നും താപനിലയത്തില്‍നിന്നും ഉല്‍പാദിപ്പിക്കുന്നു. പ്രതിവര്‍ഷം ഏകദേശം 10 ശതമാനത്തോളം വൈദ്യുതിയുടെ ആവശ്യകത വര്‍ധിച്ചു വരികയാണ്. ഇപ്പോഴത്തെ ശരാശരി പ്രതിദിന ഉപഭോഗം 75 ദശലക്ഷം യൂനിറ്റും പീക് ഡിമാന്‍ഡ് 4000 മെഗാവാട്ടുമാണ് -സമ്മേളനം വിശദീകരിച്ചു. കേരളത്തിലെ ഊര്‍ജ സുരക്ഷയും പൊതുലഭ്യതയും ആഭ്യന്തര ഉല്‍പാദനവും എന്ന വിഷയം അടിസ്ഥാനമാക്കിയ സെമിനാര്‍ ദക്ഷിണമേഖലാ ഡെസ്പാച്ച് സെന്‍റര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ബാലാജി അവതരിപ്പിച്ചു. കെ.എസ്.ഇ.ബിയിലെ മികച്ച എന്‍ജിനീയര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ ആര്‍. ബിനോയ്, ഇ.കെ. കൃഷ്ണരാജ്, മിഥുന്‍ വര്‍ഗീസ്, എന്‍.പി. ലൂയി എന്നിവര്‍ക്ക് സമ്മാനിച്ചു. അസോസിയേഷന്‍െറ മികച്ച യൂനിറ്റായി ഇടുക്കി യൂനിറ്റിനെ തെരഞ്ഞെടുത്തു. എന്‍ജിനീയറിങ് അസോസിയേഷന്‍ പ്രസിഡന്‍റ് ഇ. മുഹമ്മദ് ഷെരീഫിന്‍െറ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് മാത്യു സ്വാഗതം പറഞ്ഞു. ഡോ. മുഹമ്മദ് ഷരീഫിനെ തുടര്‍ച്ചയായി ആറാം തവണയും പ്രസിഡന്‍റായി തെരഞ്ഞെടുത്തു. വിപിന്‍ ശങ്കര്‍, എന്‍.ടി. ജോബ് എന്നിവരെ വൈസ് പ്രസിഡന്‍റായും ഷാജ് കുമാര്‍ (ജന.സെക്ര.), വിഷ്ണു പ്രഭു (ട്രഷ.), സി. നിഷാന്ത്, വിവേക് (ഓര്‍ഗനൈസിങ് സെക്ര.), കൃഷ്ണകുമാര്‍, നാഗരാജ് ഭട്ട്, മുഹമ്മദ് റാഫി (സെക്ര.) എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.