അപ്രഖ്യാപിത ലോഡ് ഷെഡിങ് ദുരിതം വിതക്കുന്നു

അടിമാലി: അപ്രഖ്യാപിത ലോഡ്ഷെഡിങ്ങില്‍ ജനം വലയുന്നു. രണ്ടുമാസമായി ജില്ലയിലെമ്പാടും വൈദ്യുതി വിതരണം മുടങ്ങുന്നത് പതിവ് സംഭവമായി മാറി. അപ്രഖ്യാപിത ലോഡ് ഷെഡിങ് വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്നതായാണ് വിവരം. നഗര-ഗ്രാമ ഭേദമില്ലാതെയാണ് വൈദ്യുതി വിതരണം തുടര്‍ച്ചയായി മുടങ്ങുന്നത്. ദിവസേന 10 തവണയെങ്കിലും വൈദ്യുതി മുടങ്ങുന്നത് പലയിടങ്ങളിലും പതിവായി. രണ്ടുമാസമായി ഇതാണ് സ്ഥിതി. ഇപ്രകാരം ഒന്നര മണിക്കൂറെങ്കിലും വൈദ്യുതി ലഭ്യമല്ലാതാകുന്നു. പുലര്‍വേളയിലും രാത്രിപോലും വൈദ്യുതി മുടങ്ങുന്നുണ്ട്. ചിലപ്പോള്‍ അരമണിക്കൂര്‍ വരെ വൈദ്യുതിയില്ലാതെ വിഷമിക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്. മീനമാസച്ചൂടിലെ അത്യുഷ്ണത്തില്‍ സര്‍വരും പൊറുതിമുട്ടുന്ന അവസരത്തിലാണ് ഈ ദുരവസ്ഥ. വൈദ്യുതി മുടങ്ങിയാല്‍ വീടിനുള്ളില്‍ ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഓഫിസുകളിലും തൊഴിലിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഫാനിന്‍െറ പ്രവര്‍ത്തനം നിലച്ചാല്‍ ഉടന്‍ പുറത്തിറങ്ങുകയേ മാര്‍ഗമുള്ളൂ. വൈദ്യുതി വിതരണം പുന$സ്ഥാപിക്കുമ്പോള്‍ ആശ്വാസമായെന്ന് കരുതി ഉള്ളില്‍ പ്രവേശിച്ചാല്‍ പിഴക്കും. ഒട്ടും വൈകാതെ പിന്നെയും പഴയ അവസ്ഥ ആവര്‍ത്തിക്കുകയായി. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെ ഒരുനിമിഷംപോലും വൈദ്യുതി മുടക്കരുതെന്ന കര്‍ശന നിലപാടില്‍നിന്ന് വൈദ്യുതി ബോര്‍ഡ് മാറിയതാണ് കാരണം. ഉപഭോക്താക്കളെക്കുറിച്ച് ആലോചിക്കാതെ വൈദ്യുതി ബോര്‍ഡ് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. സബ് സ്റ്റേഷനുകളിലേക്ക് സന്ദേശം നല്‍കി പൊടുന്നനെ വൈദ്യുതി വിതരണം നിര്‍ത്തുന്ന രീതിയാണ് ബോര്‍ഡ് നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.