ആദിവാസി മേഖലകളില്‍ മദ്യവില്‍പന വ്യാപകം

അടിമാലി: ആദിവാസികള്‍ക്കിടയിലെ അമിത മദ്യപാനവും ലഹരി ഉപയോഗവും തടയാന്‍ എക്സൈസ് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. പുരുഷന്മാരുടെ മദ്യപാനംമൂലം സ്ത്രീകളും കുട്ടികളുമാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ആദിവാസി മേഖലകളില്‍നിന്ന് നിരവധി പരാതികള്‍ ഉയരുന്നുണ്ടെങ്കിലും നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല. വിഷയത്തില്‍ പൊലീസും ട്രൈബല്‍ വകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഇടുക്കിയില്‍ അടിമാലി, മാങ്കുളം, മറയൂര്‍, വട്ടവട, കാന്തലൂര്‍ പഞ്ചായത്തുകളിലെ ആദിവാസി കോളനികളിലാണ് മദ്യ മാഫിയകളുടെ പ്രവര്‍ത്തനം വ്യാപകം. പുറമേനിന്ന് എത്തുന്നവരുടെ ചൂഷണമാണ് ഇതിന് കാരണം. ആദിവാസികളെ ഉപയോഗിച്ച് മദ്യം നിര്‍മിക്കുന്ന സംഘവും കുടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇതോടൊപ്പം മറയൂര്‍, മാങ്കുളം, ഇടമലക്കുടി പഞ്ചായത്തുകളിലെ അവികസിത മേഖലകളില്‍ വന്‍തോതില്‍ കഞ്ചാവ് ഉല്‍പാദനവും നടക്കുന്നുണ്ട്. ഇത് മങ്കുളത്ത് എത്തിച്ചാണ് പുറം നാടുകളിലേക്ക് എത്തിക്കുന്നത്. ഇതിനായി മാങ്കുളത്ത് വന്‍സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്. മാങ്കുളത്തുനിന്ന് കുറത്തിക്കുടി വഴി എറണാകുളം ജില്ലയിലെ പൂയംകുട്ടി വനത്തിലൂടെതന്നെ സുമഗമായി കടത്താന്‍ സാധിക്കുമെന്നതിനാല്‍ മാഫിയ ഈ വഴിയാണ് ഉപയോഗിക്കുന്നത്. ഇതിന് തടയിടണമെങ്കില്‍ മാങ്കുളത്ത് പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കണം. ഇടമല കുടിയില്‍നിന്ന് ഒരുകിലോ കഞ്ചാവ് മാങ്കുളത്ത് എത്തിച്ചാല്‍ 2500 രൂപ ചുമട്ടുകാര്‍ക്ക് നല്‍കുന്നുണ്ട്. ഇതോടെ, ഉല്‍പാദനത്തിനും കടത്തിനുമായി നിരവധി ആദിവാസി യുവാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ഇത് സുരക്ഷിത പാതയായി മാറിയതോടെ ചന്ദന മാഫിയകളും ഈ പാത ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആദിവാസി കോളനികള്‍ക്ക് പുറത്തുള്ളവര്‍ ഉള്‍പ്പെട്ട സംഘങ്ങളാണ് പുറത്തുനിന്ന് മദ്യം വാങ്ങി കോളനികളില്‍ വ്യാപകമായി വിതരണം ചെയ്യുന്നത്. വര്‍ഷങ്ങളായി ഈ സമ്പ്രദായം തുടര്‍ന്നുവരുന്നുണ്ടെങ്കിലും എക്സൈസോ പൊലീസോ ഇവിടേക്ക് ശ്രദ്ധിക്കാറില്ല. ഒട്ടേറെ ചെറുപ്പക്കാര്‍ ഇവരുടെ വലയില്‍ കുടുങ്ങി മദ്യത്തിനടിമകളായതായി കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍ പറയുന്നു. നഗരപ്രദേശത്തെ ബിവറേജസ് കോര്‍പറേഷന്‍ ഒൗട്ലറ്റുകളില്‍നിന്ന് മദ്യം വാങ്ങുന്നതിനും കോളനികളില്‍ പറഞ്ഞ സ്ഥലങ്ങളില്‍ എത്തിച്ചുനല്‍കുന്നതിനും ആദിവാസികളില്‍നിന്നുതന്നെ കാരിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കുറഞ്ഞ മുതല്‍മുടക്കില്‍ അധ്വാനമില്ലാതെ കൂടുതല്‍ ലാഭം കൊയ്യാമെന്നതിനാല്‍ ആദിവാസി കോളനികള്‍ക്ക് പുറത്തുള്ള ചിലര്‍ ഇത്തരം അനധികൃത മദ്യവ്യാപാരം ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരിക്കുകയാണ്. ജില്ലയിലെ മിക്ക ആദിവാസി മേഖലകളിലും ഇത്തരം കച്ചവടങ്ങള്‍ രഹസ്യമായി നടന്നുവരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.