വിട്ടുനല്‍കാന്‍ വിസമ്മതിച്ച സ്ഥലം ദേശീയപാത അധികൃതര്‍ ഏറ്റെടുത്തു

വണ്ടിപ്പെരിയാര്‍: സ്ഥലം വിട്ടുനല്‍കാന്‍ സ്വകാര്യ വ്യക്തി വിസമ്മതിച്ചതിനെ തുടര്‍ന്ന് ദേശീയപാത അധികൃതര്‍ സ്ഥലം ഏറ്റെടുത്തു. പെരിയാര്‍ 63ാം മൈല്‍ ആയപ്പാറ ജങ്ഷന് സമീപത്തെ അപകട വളവിലാണ് അധികൃതര്‍ വ്യാഴാഴ്ച രാവിലെ പത്തിന് സ്ഥലം ഏറ്റെടുത്തത്. മുമ്പ് നോട്ടീസ് നല്‍കിയിട്ടും എതിര്‍പ്പുമായി സ്വകാര്യ വ്യക്തി നിന്നിരുന്നു. നടപടിക്കിടെ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് ഉടമ രംഗത്തത്തെിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്, പഞ്ചായത്ത് അംഗങ്ങളുടെയും നാട്ടുകാരുടെയും പിന്തുണയില്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി. കൊട്ടാരക്കര-ദിണ്ടുക്കല്‍ ദേശീയ പാതയില്‍ കുമളി 66ാം മൈല്‍ മുതല്‍ 62ാം മൈല്‍ പോളിടെക്നിക് ജങ്ഷന്‍വരെയാണ് റോഡിന്‍െറ വീതി കൂട്ടല്‍ നടക്കുന്നത്. ഇതിന്‍െറ ഭാഗമായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ റോഡരികില്‍ താമസിക്കുന്നവര്‍ക്കും സ്ഥലം ഉടമകള്‍ക്കും അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. പ്രദേശത്തെ ഏറ്റവും അപകടമായ വളവിലെ സ്ഥലം വിട്ടുനല്‍കാനാണ് സ്വകാര്യ വ്യക്തി വിസമ്മതിച്ചത്. പൊതുമരാമത്ത് വകുപ്പിലെ ഉന്നതന്‍ ഇടപെട്ട് കരാറുകാര്‍ക്കും ദേശീയപാത ഉദ്യോഗസ്ഥര്‍ക്കും മേല്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും പൊതുപ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലാണ് ദേശീയപാത അധികൃതരെ നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ഇരുവശങ്ങളില്‍നിന്ന് കടന്നുവരുന്ന വാഹനങ്ങള്‍ ഏറെ പണിപ്പെട്ടാണ് വളവില്‍ കടന്നു പോയിരുന്നത്. റോഡിന്‍െറ ഒരു വശത്തിന് സമാന്തരമായാണ് ചോറ്റുപാറ തോട്. ഇവിടം 20 അടി താഴ്ചയിലേറെയുള്ള ഭാഗമാണ്. മാസങ്ങള്‍ക്ക് മുമ്പ് നിയന്ത്രണം വിട്ട കാര്‍ റോഡില്‍നിന്ന് താഴേക്ക് പതിച്ച് അപകടം സംഭവിച്ചിരുന്നു. തുടര്‍ന്ന് ക്രാഷ് ഗാര്‍ഡ് സ്ഥാപിച്ചെങ്കിലും വാഹനാപകടം പതിവായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.