കുമളി ഡിപ്പോയുടെ പ്രവര്‍ത്തനം അവതാളത്തില്‍; സര്‍വിസുകള്‍ അടിക്കടി മുടങ്ങുന്നു

വണ്ടിപ്പെരിയാര്‍: കെ.എസ്.ആര്‍.ടി.സി അധികൃതരുടെ അനാസ്ഥ മൂലം കുമളി ഡിപ്പോയുടെ പ്രവര്‍ത്തനം അവതാളത്തിലായി. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനാല്‍ ഒരു ഡസനിലധികം സര്‍വിസുകള്‍ ദിനവും മുടങ്ങുന്നതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാവുന്നത്. രണ്ടുമാസം മുമ്പ് റെക്കോഡ് കലക്ഷന്‍ നേടിയെടുത്ത ഡിപ്പോയാണ് നഷ്ടത്തിലേക്ക് പതിച്ചത്. 50 ഡ്രൈവര്‍മാരുടെയും 12 മെക്കാനിക്കുകള്‍, ബ്ളാക്സ്മിത്ത് ഒന്ന്, ടയര്‍ ഇന്‍സ്പെക്ടര്‍ ഒന്ന്, പെയ്ന്‍റര്‍ ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. മെക്കാനിക് വിഭാഗം ജീവനക്കാരുടെ കുറവുമൂലം 16 ബസാണ് കട്ടപ്പുറത്തായത്. രണ്ട് ബസ് എന്‍ജിന്‍ തകരാറിലായി മാസങ്ങള്‍ പിന്നിട്ടു. മൂന്നുബസ് ഗിയര്‍ബോക്സ് തകരാറിലായതാണ്. കട്ടപ്പന, പൊന്‍കുന്നം ഡിപ്പോകളില്‍ കുമളി ഡിപ്പോയിലെ രണ്ട് ബസ് എന്‍ജിന്‍ തകരാറിലായി വിശ്രമത്തിലാണ്. 53ല്‍ 22 സര്‍വിസുകള്‍ക്ക് ഡ്രൈവര്‍മാരില്ലാത്ത അവസ്ഥയാണുള്ളത്. ദിനവും അഞ്ച് അവധികള്‍ ഒൗദ്യോഗികമായി നല്‍കേണ്ടി വരുന്നു. ഡ്രൈവര്‍മാരില്‍ സീനിയറായ എട്ടുപേര്‍ ഡിപ്പോയിലെ മറ്റുഡ്യൂട്ടിയില്‍ നിയമിതരാണ്. ദീര്‍ഘകാല അവധിയില്‍ അഞ്ചുപേരും മെഡിക്കല്‍ ലീവില്‍ ഒരാളും പ്രവേശിച്ചിട്ടുമുണ്ട്. മറ്റുഡിപ്പോകളില്‍ ആവശ്യത്തില്‍ കൂടുതല്‍ ഡ്രൈവര്‍മാരുണ്ടെങ്കിലും കൃത്യമായും പുനര്‍വിന്യാസം നടത്തുന്നതില്‍ മാനേജ്മെന്‍റ് കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. ഡിപ്പോയുടെ പരിധിയിലെ നിരവധി പേര്‍ മറ്റുഡിപ്പോകളില്‍ ജോലി ചെയ്യുന്നുമുണ്ട്. പുതിയ ബസുകളുടെ ലഭ്യതക്കുറവും ഡിപ്പോയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. സൂപ്പര്‍ ഫാസ്റ്റ്, അന്തര്‍ സംസ്ഥാന സര്‍വിസുകള്‍, ഫാസ്റ്റ് പാസഞ്ചര്‍ എന്നീ സര്‍വിസുകള്‍ നടത്തുന്ന ബസുകള്‍ തകരാറിലായാല്‍ പകരം നല്‍കുന്നതിന് സ്പെയര്‍ ബസുകളും ഡിപ്പോയില്‍ ലഭ്യമല്ല. സ്വകാര്യബസുകളുടെ സൂപ്പര്‍ ക്ളാസ് പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തെങ്കിലും ബസുകളുടെയും ജീവനക്കാരുടെയും കുറവും മൂലം ഈ സര്‍വിസുകളും ഇടക്ക് മുടങ്ങുന്നതും യാത്രക്കാരെ വലക്കുന്നു. അവധിക്കാലം ആരംഭിക്കുന്നതിനാല്‍ മെച്ചപ്പെട്ട കലക്ഷന്‍ ലഭിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പണിമുടക്കുന്നത് സ്വകാര്യബസുകള്‍ക്ക് ചാകരയാകും. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങള്‍ നിര്‍ത്തിവെച്ചതും ജീവനക്കാരുടെ കുറവ് നികത്താനും കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.