അടിമാലി: കുടിയേറ്റ പ്രദേശങ്ങളെയും ജലവൈദ്യുതി നിലയങ്ങളെയും ബന്ധിപ്പിക്കുന്ന ഹൈറേഞ്ചിലെ പ്രധാന റോഡുകളിലൊന്നായ അടിമാലി-കല്ലാര്‍കുട്ടി-വെള്ളത്തൂവല്‍-രാജാക്കാട് റോഡ് തകര്‍ന്നു. അടിമാലി ടൗണ്‍ മുതല്‍ വെള്ളത്തൂവല്‍ ടൗണ്‍വരെ റോഡില്‍ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇതുവഴി യാത്ര ദുരിതവും അപകടം നിറഞ്ഞതുമായി. അടിമാലി ടൗണില്‍ പൊലീസ് സ്റ്റേഷന് സമീപത്തും പഞ്ചായത്ത് ഓഫിസിന് മുന്‍ഭാഗത്തുമായി റോഡ് തകര്‍ന്ന് വന്‍ കുഴികളായി കിടക്കുകയാണ്. ആയിരമേക്കര്‍ ഭാഗത്ത് ഒരുകിലോമീറ്റര്‍ ദൂരത്തിലും കല്ലാര്‍കുട്ടി മുതല്‍ ശല്യാംപാറ വരെ രണ്ട് കിലോമീറ്ററും പൊന്മുടിയില്‍ ഒരുകിലോമീറ്റര്‍ റോഡും വാഹന ഗതാഗതത്തിന് യോഗ്യമല്ലാത്ത നിലയില്‍ തകര്‍ന്ന് കിടക്കുകയാണ്. കല്ലാര്‍കുട്ടിയില്‍ റോഡ് രണ്ട് അടിയോളം കുഴിഞ്ഞ് താഴ്ന്നതോടെ ബൈക്ക്, ഓട്ടോ, കാര്‍ മുതലായ ചെറിയ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യ കാഴ്ചയുമായി മാറി. ഇവിടെ കുറച്ചുഭാഗം ടൈല്‍ വിരിച്ച് റോഡ് നന്നാക്കിയിട്ടുണ്ടെങ്കിലും ബാക്കിഭാഗം തീര്‍ത്തും മോശമാണ്. ടാറിങ് നടത്തുകയെന്ന ലക്ഷ്യത്തോടെ ചിലയിടങ്ങളില്‍ മെറ്റല്‍ ഇറക്കിയിട്ടുണ്ടെങ്കിലും മഴവരുന്നത് കാത്തുനില്‍ക്കുന്ന രീതിയിലാണ് അധികൃതരുടെ പ്രവര്‍ത്തനം. ഇത് പ്രദേശവാസികളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അഞ്ചുപ്രാവശ്യം റോഡിന്‍െറ വികസനത്തിന് പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ വിളിച്ചെങ്കിലും കരാര്‍തുക കുറവാണെന്നും ഉയര്‍ന്ന തുകക്ക് ടെന്‍ഡര്‍ വിളിച്ചാല്‍ കരാര്‍ എടുക്കാമെന്നുമാണ് കരാറുകാരുടെ നിലപാട്. ഇതോടെ യാത്രപ്രശ്നം പരിഹരിക്കുമെന്ന നാട്ടുകാരുടെ പ്രതീക്ഷ അസ്ഥാനത്തായി. ഈ മഴക്കാലമാദ്യം റോഡിലെ കുഴികളില്‍ വള്ളമിറക്കി തുഴഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ ഉടന്‍ റോഡ് നന്നാക്കുമെന്ന പ്രഖ്യാപനവുമായി പൊതുമരാമത്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍, വാഹന ഗതാഗതം ബുദ്ധിമുട്ടുന്ന ഇവിടെ വന്‍ കുഴികള്‍പോലും നികത്താന്‍ അധികൃതര്‍ തയാറായില്ല. കൊച്ചി-മധുര ദേശീയപാതയിലെ പ്രധാന സമാന്തരപാതയാണ് ഈ റോഡ്. വാണിജ്യകേന്ദ്രമായ അടിമാലിയെ തമിഴ്നാട്ടിലെ തേനിയുമായി ബന്ധിപ്പിക്കുന്നതും ഈ പാതയാണ്. കൂടാതെ, വെള്ളത്തൂവല്‍, കൊന്നത്തടി, രാജാക്കാട്, രാജകുമാരി പഞ്ചായത്ത് നിവാസികളും പ്രധാനമായി ആശ്രയിക്കുന്ന റോഡാണിത്. അമ്പതിലേറെ സര്‍വിസ് ബസുകളും ആയിരക്കണക്കിന് സ്വകാര്യവാഹനങ്ങളും എപ്പോഴും ഉപയോഗിക്കുന്ന ഈ പാത തകര്‍ന്നത് നിരവധി പ്രദേശങ്ങളെ ഒറ്റപ്പെടുത്തിയതായി നാട്ടുകാര്‍ പറയുന്നു. കാല്‍നടപോലും ബുദ്ധിമുട്ടായിരിക്കുകയാണ്. പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥ വെടിഞ്ഞ് അടിയന്തരമായി റോഡ് നിര്‍മിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.