വിമുക്ത ഭടന്മാര്‍ക്ക് ജില്ലയില്‍ ചികിത്സ നിഷേധിക്കുന്നു

ചെറുതോണി: ജീവന്‍ പണയപ്പെടുത്തി മാതൃരാജ്യത്തിന് കാവല്‍നിന്ന ധീര ജവാന്മാര്‍ ജീവിതത്തിന്‍െറ അവസാനകാലത്ത് ചികിത്സ കിട്ടാതെ വലയുന്നു. പൈനാവില്‍ ജില്ലാ ആശുപത്രിയിലാണ് വിമുക്ത ഭടന്മാര്‍ക്കുള്ള പോളിക്ളിനിക്ക്. ജില്ലയില്‍ രണ്ടായിരത്തോളം വിമുക്ത ഭടന്മാരുണ്ടെന്നാണ് കണക്ക്. രാജ്യത്തിന് ജീവന്‍ ബലിയര്‍പ്പിച്ചവരുള്‍പ്പെടെയുള്ളവരുടെ വിധവകള്‍ മാത്രം 312 പേരുണ്ട്. ജീവിതത്തിന്‍െറ വസന്തകാലം രാജ്യത്തിനായി ഹോമിച്ച ഈ ധീര ജവാന്മാരുടെ ഭാര്യമാരും ആവശ്യത്തിന് ചികിത്സയും പണവുമില്ലാതെ ബുദ്ധിമുട്ടുന്നു. 2003ല്‍ ആരംഭിച്ച എക്സ് സര്‍വിസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം കഴിഞ്ഞ രണ്ടുവര്‍ഷമായി മന്ദഗതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വിരമിച്ച പട്ടാളക്കാരില്‍നിന്ന് ശമ്പള ഗ്രേഡിനനുസരിച്ച് 15000 മുതല്‍ 60,000 രൂപ വരെ ഒറ്റത്തവണയായി വാങ്ങി ആരംഭിച്ച പദ്ധതിയാണ് അവതാളത്തിലായത്. ഇപ്പോള്‍ സര്‍വിസിലിരിക്കുന്നവര്‍ പ്രതിമാസം 500 രൂപ പ്രകാരം 6000 രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കുന്നുമുണ്ട്. വിരമിച്ച പട്ടാളക്കാരില്‍നിന്ന് അംശാദായം വാങ്ങി നടത്തുന്ന പദ്ധതിയുള്‍പ്പെടെ പോളിക്ളിനിക്കിന് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം പോലുമില്ല. സര്‍ക്കാറില്‍നിന്ന് കൃത്യസമയത്ത് ഫണ്ട് അനുവദിക്കാത്തതുമൂലം വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും മരുന്ന് നല്‍കിയിരുന്ന സ്വകാര്യ ആശുപത്രികള്‍ കഴിഞ്ഞമാസം മുതല്‍ പിന്മാറി. സ്വകാര്യ ആശുപത്രികള്‍ക്ക് പുറമേ തിരുവനന്തപുരത്ത് ശ്രീചിത്തിരയിലും ആര്‍.സി.സിയിലും ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കിയിരുന്നു. ഇവര്‍ക്ക് ഭീമമായ തുക കുടിശ്ശിക നല്‍കാനുണ്ട്. ജില്ലയില്‍ വിമുക്ത ഭടന്മാരും അവരെ ആശ്രയിച്ച് ജീവിക്കുന്നവരുമായ ഗുണഭോക്താക്കളുടെ എണ്ണം 2000ത്തോളം വരും. ഇവര്‍ ആശ്രയിക്കുന്നത് പൈനാവിലെ പോളിക്ളിനിക്കിനെയാണ്. ഇ.സി.എച്ച്.എസ് പദ്ധതി ഏകോപിപ്പിച്ച് നടപ്പാക്കുന്നത് പോളിക്ളിനിക്കുകള്‍ വഴിയാണ്. ജില്ലയിലെ ദേവികുളം, പീരുമേട്, നെടുങ്കണ്ടം തുടങ്ങിയ താലൂക്കുകളില്‍ നിന്നത്തെുന്നവര്‍ ചികിത്സാ സഹായത്തിനും ആനുകൂല്യത്തിനും തൊടുപുഴയിലുള്ള വിമുക്ത ഭടന്മാരുടെ ഓഫിസിലും പൈനാവിലുള്ള പോളിക്ളിനിക്കുകളിലും കയറിയിറങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.