തൊടുപുഴ: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മുളപ്പുറം-കൂട്ടക്കല്ല് പ്രദേശത്തെ 40 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചു. വൈദ്യുതീകരണ പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിച്ചു. 80 വര്‍ഷങ്ങളായി ഇരുട്ടില്‍ തള്ളി നീക്കിയ പ്രദേശവാസികള്‍ക്ക് ആശ്വാസം പകര്‍ന്നാണ് കരിമണ്ണൂര്‍ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് ഒമ്പതു ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില്‍നിന്ന് 4.30 ലക്ഷം രൂപയും മുടക്കി പദ്ധതി പൂര്‍ത്തിയാക്കിയത്. കുടിയേറ്റ കര്‍ഷകരുടെ പ്രദേശമായ കുട്ടക്കല്ല് വനപ്രദേശമായതിനാല്‍ വൈദ്യുതീകരണത്തിന് വലിയ തടസ്സമാണ് നേരിട്ടിരുന്നത്. മണ്ണെണ്ണ വിളക്കുകളും റാന്തല്‍ വിളക്കുകളുമായിരുന്നു ഇവരുടെ ഏക ആശ്രയം. പലപ്പോഴായി വഴിയോരങ്ങളില്‍ സോളര്‍ വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. പഞ്ചായത്ത് സഹകരണത്തോടെ പലവട്ടം വൈദ്യുതീകരണപ്രവര്‍ത്തനം തുടങ്ങിയെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം പദ്ധതി നീളുകയായിരുന്നു. പ്രദേശത്ത് 40 ഏക്കറോളം വരുന്ന വനപ്രദേശങ്ങളിലൂടെയാണ് പോസ്റ്റുകള്‍ സ്ഥാപിച്ചത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് മുളപ്പുറം-കാരംക്കോട് പ്രദേശത്ത് ബ്ളോക് പഞ്ചായത്ത് സഹകരണത്തോടെ 65,000 രൂപ മുടക്കി ഏഴു കുടുംബത്തിലും വൈദ്യുതീകരണം നടത്തിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ ഇളംദേശം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സിബി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് വത്സമ്മ അബ്രഹാം, പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സി സോജന്‍, വൈസ് പ്രസിഡന്‍റ് പോള്‍ കുഴിപ്പിള്ളില്‍, ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരന്‍, പഞ്ചായത്ത് അംഗങ്ങളായ സണ്ണി അബ്രഹാം, എ.എന്‍. ദിലീപ്കുമാര്‍, സി.പി. രാമചന്ദ്രന്‍, നിസമോള്‍ ഷാജി, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റോയി കെ. പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.