പീരുമേട് ടീ കമ്പനിയിലെ ലയങ്ങള്‍ ഇടിഞ്ഞുവീഴാറായ നിലയില്‍

കട്ടപ്പന: പീരുമേട് ടീ കമ്പനിയിലെ തൊഴിലാളി ലയങ്ങള്‍ ഇടിഞ്ഞുവീഴാറായ സ്ഥിതിയില്‍. ചികിത്സ കിട്ടാതെ നൂറിലധികം തൊഴിലാളികള്‍ വലയുന്നു. പീരുമേട് ടീ കമ്പനിയുടെ ലോണ്‍ട്രി, ചീന്തലാര്‍ നമ്പര്‍ വണ്‍, നമ്പര്‍ ടൂ, നമ്പര്‍ ത്രീ ഡിവിഷനുകളിലെ ലയങ്ങളാണ് ഏതുനിമിഷവും തകരുന്ന സ്ഥിതിയിലുള്ളത്. ഈ ലയങ്ങളില്‍ കാറ്റും മഴയുമേറ്റ് തണുത്ത് വിറങ്ങലിച്ച് നിരവധി തൊഴിലാളികള്‍ കഴിയുന്നുണ്ട്. ശരിയായ ചികിത്സ ലഭിക്കാത്ത സാഹചര്യത്തില്‍ ഇവരുടെ ബന്ധുക്കളും നിസ്സഹായരാണ്. 2000 ഡിസംബറില്‍ ഉടമ ഉപേക്ഷിച്ച് പോയശേഷം ദുരിതത്തിലായിരുന്ന തൊഴിലാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയാണ് 2014 സെപ്റ്റംബറില്‍ തോട്ടം തുറന്നത്. തോട്ടം തുറക്കാന്‍ തൊഴിലാളി യൂനിയനുകളുമായി ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ പാട്ടക്കാരന്‍ തയാറാകാതെ വന്നതോടെ തൊഴിലാളികളുടെ സ്ഥിതി കൂടുതല്‍ ദയനീയമായി. തകര്‍ന്ന ലയങ്ങള്‍ പുനരുദ്ധരിക്കാനോ രോഗബാധിതരായ തൊഴിലാളികള്‍ക്ക് ശരിയായ ചികിത്സ ലഭ്യമാക്കാനോ പാട്ടക്കാരന്‍ തയാറായിട്ടില്ല. തോട്ടം തുറന്നിട്ട് 13 മാസങ്ങള്‍ പിന്നിട്ടെങ്കിലും കൃത്യസമയത്ത് ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കാന്‍പോലും പാട്ടക്കാരന്‍ വിസമ്മതിക്കുകയാണ്. ആഴ്ചാവസാനം ചെലവുകാശ് മാത്രമാണ് തൊഴിലാളികള്‍ക്ക് നല്‍കിവന്നിരുന്നത്. ഉടമ ഉപേക്ഷിച്ചുപോയ ശേഷം പുതിയ പാട്ടക്കാരന്‍ തോട്ടം തുറക്കുന്നത് വരെയുള്ള കാലഘട്ടത്തില്‍ വിദഗ്ധ ചികിത്സ ലഭിക്കാതെ നൂറിലധികം തൊഴിലാളികള്‍ ഇവിടെ മരിച്ചിട്ടുണ്ട്. ഇപ്പോഴും നൂറിലധികം പേര്‍ ഗുരുതരരോഗവുമായി കഴിയുന്നുണ്ട്.തകര്‍ന്നുവീഴാറായ ലയങ്ങള്‍ പുനരുദ്ധരിച്ച് ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങളുണ്ടാക്കി നല്‍കിയില്ളെങ്കില്‍ പീരുമേട് ടീ കമ്പനിയില്‍ വന്‍ ദുരന്തത്തിന് സാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കുടിവെള്ളം, വൈദ്യുതി എന്നിവയുടെ കാര്യത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ലയങ്ങള്‍ അപകടാവസ്ഥയിലായതോടെ മിക്കവരും രാത്രി ലയത്തില്‍ കഴിച്ചുകൂട്ടാന്‍ ഭയപ്പെടുകയാണ്. ഉടമ ഉപേക്ഷിച്ച് പോകുമ്പോള്‍ 1330 സ്ഥിരം തൊഴിലാളികളും അത്രതന്നെ താല്‍ക്കാലിക തൊഴിലാളികളുമാണ് തോട്ടത്തില്‍ ഉണ്ടായിരുന്നത്. 15 വര്‍ഷത്തിനുശേഷം തോട്ടത്തിലേക്ക് നോക്കുമ്പോള്‍ അഞ്ഞൂറില്‍ താഴെ തൊഴിലാളികളാണ് അവശേഷിക്കുന്നത്. ഇവരില്‍ മിക്കവരും കുറച്ച് വര്‍ഷത്തിനുള്ളില്‍ പിരിഞ്ഞുപോകുന്നവരാണ്. അവശേഷിക്കുന്നവരില്‍ ഏറിയപങ്കും സ്ത്രീ തൊഴിലാളികളും ഇതല്ലാതെ മറ്റൊരു തൊഴില്‍ അറിയാത്തവരുമാണ്. ഇവരെ സംബന്ധിച്ചിടത്തോളം ലയങ്ങള്‍, കുടിവെള്ളം, വൈദ്യുതി എന്നിവയില്ലാതെ തോട്ടത്തില്‍ കഴിയാന്‍ സാധിക്കാത്തവരാണ്. അപകടാവസ്ഥയിലായ തൊഴിലാളി ലയങ്ങള്‍ അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്നാണ് ഇവരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.