നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം

നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ഇനി അത്യാഹിത വിഭാഗത്തിന്‍െറ സേവനം ലഭിക്കും. ഹൈറേഞ്ചിലെ തോട്ടം മേഖലക്ക് ഏറെ ഗുണകരമായ വിധം 24 മണിക്കൂര്‍ സേവനമാണ് ലഭിക്കുക. ആവശ്യമായ ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിച്ച് അത്യാഹിത വിഭാഗം വേഗം ആരംഭിക്കാന്‍ സര്‍ക്കാറില്‍നിന്ന് നിര്‍ദേശം വന്നതിന്‍െറ ആശ്വാസത്തിലാണ് നെടുങ്കണ്ടം നിവാസികള്‍. നിലവില്‍ രാത്രി 12ന് ശേഷം എന്ത് രോഗങ്ങള്‍ വന്നാലും സ്വകാര്യ ആശുപത്രികളിലാണ് പ്രദേശവാസികള്‍ അഭയം തേടുക. ഇത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അപകടത്തില്‍പെടുന്നവരെയും അടിയന്തര ചികിത്സ ആവശ്യമായവരെയും കോട്ടയം, തേനി മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് അയക്കുകയാണ് പതിവ്. കോട്ടയത്ത് എത്താന്‍ മണിക്കൂറുകള്‍ വേണ്ടിവരും. ഇത് ജനങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടും സമയനഷ്ടവും ഉണ്ടാകാറുണ്ട്. ജില്ലയില്‍ നിലവില്‍ അത്യാഹിതവിഭാഗമുള്ളത് ജില്ലാ ആശുപത്രിയില്‍ മാത്രമാണ്. പീരുമേട്, അടിമാലി താലൂക്ക് ആശുപത്രികളിലും ഇതോടൊപ്പം അത്യാഹിതവിഭാഗം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നെടുങ്കണ്ടത്ത് ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തി മുഴുവന്‍ സമയവും ഡോക്ടറുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. പുതുതായി ആറു ഡോക്ടര്‍മാരെ നിയമിക്കും. അധികമായി നിയമിക്കുന്നത് പ്രത്യേക വിഭാഗങ്ങളില്‍ വിദഗ്ധരെയാണ്. ഇതോടെ ഫസ്റ്റ് റഫറല്‍ യൂനിറ്റായി പ്രവര്‍ത്തിക്കാനാകും. കഴിഞ്ഞ രണ്ടു വര്‍ഷമായി ആശുപത്രിയില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും താലൂക്ക് ആശുപത്രിക്കാവശ്യമായ ഡോക്ടര്‍മാരില്ല. 16 ഡോക്ടര്‍മാരുടെ സേവനം ഇവിടെ ആവശ്യമാണ്. എന്നാല്‍, നിലവിലുള്ളത് അഞ്ചുപേരുടെ സേവനമാണ്. ഡോക്ടേഴ്സ് ക്വാര്‍ട്ടേഴ്സ്, കാരുണ്യ ഫാര്‍മസി എന്നിവയും നിലവിലുണ്ട്. കൂടാതെ നിരവധി നിര്‍മാണപ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.