മുട്ടം-ഇടവെട്ടി ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മലങ്കര പാലം തുറന്നുകൊടുത്തു

തൊടുപുഴ: മുട്ടം-ഇടവെട്ടി ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മലങ്കര പാലം മന്ത്രി പി.ജെ. ജോസഫ് നാടിനു സമര്‍പ്പിച്ചു. ഉപയോഗശൂന്യമായ പഴയ ചപ്പാത്തിന് പകരമായാണ് ജലസേചന വകുപ്പ് പുതുതായി പാലം നിര്‍മിച്ചത്. രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങളുടെ ചിരകാലാഭിലാഷമാണ് ഇതോടെ യാഥാര്‍ഥ്യമായത്. പുതിയ പാലത്തിനുവേണ്ടിയുള്ള നിരന്തര ആവശ്യത്തെ തുടര്‍ന്ന് മന്ത്രി പ്രത്യേകം താല്‍പര്യമെടുത്താണ് പാലം നിര്‍മാണത്തിന് ഭരണാനുമതി നല്‍കിയത്. നിലവിലുള്ള പാലത്തിന് സമാന്തരമായി 10 മീറ്റര്‍ മാറി താഴ്ഭാഗത്താണ് പുതിയ പാലം പണിപൂര്‍ത്തിയായത്. നിലവിലുള്ളതില്‍നിന്ന് ഏഴുമീറ്റര്‍ അധികം ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന പാലത്തിന് 55 മീറ്റര്‍ ദൂരവും ഏഴര മീറ്റര്‍ വീതിയുമുണ്ട്. നാല് തൂണുകളുള്ള പാലത്തിലൂടെ ഭാരവണ്ടികള്‍ ഉള്‍പ്പെടെ കടന്നുപോകത്തക്ക വിധമാണ് നിര്‍മാണം. പഴയ മലങ്കരപാലം വര്‍ഷങ്ങളായി അപകടാവസ്ഥയിലായിരുന്നു. പാലത്തിന്‍െറ മധ്യഭാഗത്ത് വിള്ളല്‍ വീഴുകയും തൂണുകള്‍ ഇടിഞ്ഞ് നിലംപൊത്താറായ നിലയിലുമായിരുന്നു. അപകടാവസ്ഥ കണക്കിലെടുത്ത് ഇതുവഴി ചെറുവാഹനങ്ങള്‍ ഒഴികെയുള്ളവയുടെ ഗതാഗതം നിരോധിച്ചിരുന്നു. മലങ്കര പാലം വഴി ഇടവെട്ടി, ആലക്കോട് തെക്കുംഭാഗം മേഖലയിലുള്ളവര്‍ക്ക് മുട്ടം, കരിങ്കുന്നം ഭാഗത്തേക്ക് വേഗം എത്താന്‍ കഴിയും. മുട്ടം കോടതി, എന്‍ജിനീയറിങ്് കോളജ്, പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിന് യാത്രക്കാരാണ് പാലം ഉപയോഗിക്കുന്നത്. എം.വി.ഐ.പിക്കാണ് പാലത്തിന്‍െറ സംരക്ഷണ ചുമതല. 6.71 കോടി രൂപയാണ് നിര്‍മാണച്ചെലവ്. പാലത്തിനു 8.50 മീറ്റര്‍ വീതിയും 18 മീറ്റര്‍ നീളവുമുള്ള മൂന്ന് സ്പാനും ഉള്‍പ്പെടെ 54 മീറ്റര്‍ നീളമാണുള്ളത്. പാലത്തിന്‍െറ ഇരുകരകളിലും സംരക്ഷണഭിത്തിയും അപ്രോച്ച് റോഡുകളും ഈ പ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അപ്രോച്ച് റോഡിന്‍െറ നിര്‍മാണത്തിനാവശ്യമായ 22 സെന്‍റ് സ്ഥലം മലങ്കര എസ്റ്റേറ്റ് അധികാരികള്‍ സൗജന്യമായി നല്‍കുകയുണ്ടായി. മുട്ടം, ഇടവെട്ടി പഞ്ചായത്തുകളുടെ വികസനത്തിന് ഈ പാലം സഹായകമാകും. കുന്നം- നടുക്കണ്ടം ഒൗട്ടര്‍ റിങ് റോഡിന്‍െറ ഭാഗമായാണ് പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. പാലം യാഥാര്‍ഥ്യമായതോടെ ഈ പ്രദേശങ്ങളുടെ വികസനവും ത്വരിതഗതിയിലാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.