നഗരത്തിലെ റോഡ് അറ്റകുറ്റപ്പണി ഉടന്‍ –സംയുക്ത യോഗം

തൊടുപുഴ: നഗരത്തിലെ ശോച്യാവസ്ഥയിലായ റോഡ് ഉടന്‍ അറ്റകുറ്റപ്പണി നടത്തുമെന്ന് പി.ഡബ്ള്യു.ഡി അധികൃതര്‍. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എം. ഹാരിദിന്‍െറ അധ്യക്ഷതയില്‍ ചെയര്‍മാന്‍െറ ചേംബറില്‍ പി.ഡബ്ള്യു.ഡി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായത്. ക്രഷര്‍ സമരം തീര്‍ന്നാല്‍ അടുത്തദിവസം തന്നെ റോഡില്‍ ഗര്‍ത്തങ്ങളും കുഴികളും അടക്കുകയാണ്. ആദ്യഘട്ടം ഒരുകോടിയുടെ ടാറിങ്ങിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഒരുമാസത്തിനകം റോഡ് പൂര്‍ണമായും അറ്റകുറ്റപ്പണി നടത്താന്‍ കഴിയുമെന്നും ഇവര്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റല്‍ അടക്കമുള്ള ജോലി പുരോഗമിച്ചുവരികയാണ്. നഗരത്തിലെ പഴക്കംചെന്ന പൈപ്പുകള്‍ മാറ്റിയിടുന്ന ജോലി നടക്കുന്നതാണ് ടാറിങ് വൈകാന്‍ കാരണമാകുന്നത്. 80 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ഇതിനോടകം നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലടക്കം കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ ചുങ്കം, കോലാനിപാത, പാറക്കടവ്- കോലാനി, മണക്കാട് ജങ്ഷന്‍, മുതലക്കോടം എന്നിവിടങ്ങളിലെല്ലാം ജോലി പൂര്‍ത്തിയായതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. ഒളമറ്റം പ്രദേശങ്ങളിലെ ജോലി രണ്ടുദിവസത്തിനകം പൂര്‍ത്തിയാകും. യോഗത്തില്‍ കൗണ്‍സിലര്‍മാരായ ടി.ജെ. ജോസഫ്, അഡ്വ. ജോസഫ് ജോണ്‍, നൈറ്റ്സി കുര്യാക്കോസ്, ഷീജ ജയന്‍, വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയര്‍ പി.വി. നന്ദകുമാര്‍, എ.എക്സി പി.കെ. ഷീല, വാട്ടര്‍ അതോറിറ്റി എ.ഇ എം.കെ. വീരാന്‍കുട്ടി, പി.ഡബ്ള്യു.ഡി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സി. രാകേഷ്, അസി. എന്‍ജിനീയര്‍ ബേബി ബിന്ദു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.