കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്സുകള്‍ കാടുകയറി നശിക്കുന്നു

അടിമാലി: സംരക്ഷിക്കാന്‍ ആളില്ലാത്തതിനാല്‍ വൈദ്യുതി വകുപ്പിന്‍െറ ക്വാര്‍ട്ടേഴ്സുകള്‍ കാടുകയറി നശിക്കുന്നു. വൈദ്യുതി വകുപ്പിന്‍െറ വെള്ളത്തൂവലിലുള്ള കെട്ടിടങ്ങളാണ് കാടുകയറി നശിക്കുന്നത്. വൈദ്യുതി നിലയങ്ങളുടെ നിര്‍മാണകാലത്ത് ജീവനക്കാര്‍ക്കായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കെ.എസ്.ഇ.ബി പണികഴിപ്പിച്ചതാണ് ഇവയെല്ലാം. ചെങ്കുളം, പന്നിയാര്‍ പവര്‍ ഹൗസുകളുടെയും പൊന്മുടി ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും താമസിക്കുന്നതിനായാണ് ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിച്ചത്. എന്നാല്‍, കാലപ്പഴക്കംകൊണ്ട് മിക്ക കെട്ടിടങ്ങളും നാശത്തിന്‍െറ വക്കിലാണ്. കെട്ടിടങ്ങള്‍ക്ക് ചുറ്റുമായി കാട്ടുചെടികളും മറ്റും വളര്‍ന്നുപന്തലിച്ച് നില്‍ക്കുന്നു. പാഴ്മരങ്ങളും കാട്ടുചെടികളും വളര്‍ന്ന് കെട്ടിടത്തിന് മുകളില്‍വരെയത്തെി. കാടുകള്‍ക്കിടയില്‍ ഇഴജന്തുക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. റോഡിലേക്കും കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടനുഭവപ്പെടുന്നു. പന്നിയാര്‍ ദുരന്തത്തില്‍പെട്ടവരെ കുറച്ചുകാലം അവിടെ താമസിപ്പിച്ചിരുന്നു. ഇപ്പോള്‍ ഏതാനും മുറികളില്‍ മാത്രമാണ് ജീവനക്കാര്‍ താമസമുള്ളത്. നിരവധി ക്വാര്‍ട്ടേഴ്സുകള്‍ താമസക്കാരില്ലാതെ നശിച്ചുതുടങ്ങി. പൊന്മുടി ഡാമിന് സമീപത്തെ കെട്ടിടങ്ങള്‍ പൂര്‍ണമായും നാശത്തിന്‍െറ വക്കിലാണ്. കാലാങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതാണ് കെട്ടിടങ്ങള്‍ നശിക്കാന്‍ കാരണം. ലക്ഷക്കണക്കിന് രൂപയാണ് വൈദ്യുതി ബോര്‍ഡിന് നഷ്ടം ഉണ്ടാക്കുന്നത്. നേരത്തേ ഇത്തരം ക്വാര്‍ട്ടേഴ്സുകള്‍ ഇതര വകുപ്പ് ജീവനക്കാര്‍ക്ക് താമസിക്കുന്നതിന് വാടകക്ക് നല്‍കിയിരുന്നു. എന്നാല്‍, ഇതിനും കര്‍ശന നിയമങ്ങള്‍ വന്നതോടെ ഇവിടെ കെട്ടിടങ്ങള്‍ അനാഥമായി കിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.