തൊടുപുഴ: മൂന്നാറിലോ തേക്കടിയിലോ വരുന്ന വിദേശി കറങ്ങിത്തിരിഞ്ഞ് തൊടുപുഴ ടൗണിലെങ്ങാന്‍ എത്തിയാല്‍ റോഡരികില്‍ വണ്ടിനിര്‍ത്തി ചോദിക്കും, ‘ഇവിടെ ഭൂകമ്പമുണ്ടായോ’ എന്ന്. ഒരു മുഴുവന്‍ റോഡിനെ മുക്കാല്‍ ഭാഗം വരുന്ന ഒരുപകുതിയും കാല്‍ ഭാഗം വരുന്ന മറുപകുതിയുമായി വേര്‍തിരിക്കുന്ന ഭീമന്‍ കിടങ്ങുകള്‍ കണ്ടാണ് ചോദ്യം. ഭൂകമ്പമുണ്ടാകുമ്പോള്‍ ഇങ്ങനെ റോഡ് പിളര്‍ന്ന് കിടങ്ങുകള്‍ ഉണ്ടാകുന്നത് മാത്രമേ സായിപ്പിന് അറിയൂ. ഭൂകമ്പമല്ളെന്നും കുടിവെള്ള പദ്ധതിക്ക് പൈപ്പ് ഇടാന്‍ വേണ്ടി റോഡില്‍ ചാലുകീറി ഉണ്ടായ കിടങ്ങുകളാണെന്നും സായിപ്പിനെ ബോധ്യപ്പെടുത്താന്‍ തൊടുപുഴക്കാര്‍ ഇത്തിരി കഷ്ടപ്പെടുക തന്നെ ചെയ്യും. കുടിവെള്ള പദ്ധതിക്ക് പൈപ്പ് ഇടാന്‍ വേണ്ടി ടൗണില്‍ റോഡ് വെട്ടിപ്പൊളിച്ചത് വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ ദുരിതം സമ്മാനിക്കുകയാണ്. പൈപ്പിട്ടതിനു ശേഷം ചാലുകള്‍ കൃത്യമായി മൂടാത്തത് കാരണമുള്ള ദുരിതങ്ങള്‍ പലതവണ വാര്‍ത്തയായതും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതുമാണ്. പലയിടത്തും റോഡ് നിരപ്പില്‍ നിന്ന് താഴെയായാണ് ചാലുകള്‍ മൂടിയിരിക്കുന്നത്. ചില സ്ഥലത്ത് ഗര്‍ത്തങ്ങള്‍, ചിലയിടത്ത് ഉഗ്രന്‍ ചതുപ്പുകള്‍, ചിലയിടത്ത് റോഡില്‍ നിറയെ ഉരുളന്‍ കല്ലുകള്‍ ആകെക്കൂടി പറഞ്ഞാല്‍ വാഹനത്തിലായാലും കാല്‍നടയായാലും നഗരത്തിലൂടെ സഞ്ചരിക്കുകയെന്നത് ഒരു സാഹസികമായി മാറിയിട്ടുണ്ട്. ഇടക്കിടക്ക് മഴ പെയ്യുന്നതോടെ സാഹചര്യം രൂക്ഷമാകും. വെള്ളം നിറഞ്ഞ കുഴികളുടെ വലുപ്പം പോലും കണക്കാക്കാനാകാതെ ഇരുചക്രവാഹനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കഷ്ടപ്പെടുകയാണ്. മിനിസിവില്‍സ്റ്റേഷനില്‍നിന്ന് ഇറങ്ങുന്നിടത്ത് നിരവധി വന്‍കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. എന്നിട്ടും സിവില്‍ സ്റ്റേഷന് അകത്തിരിക്കുന്നവര്‍ക്ക് അനക്കമില്ല. ഇതിന്‍െറ വലതുവശത്തായി ചാലുകീറിയ ഇടത്ത് ചവിട്ടിയാല്‍ താഴ്ന്നുപോകുന്ന രീതിയില്‍ വലിയ ചതുപ്പുതന്നെ രൂപപ്പെട്ടിട്ടുണ്ട്. കുറച്ചുകൂടി മുന്നോട്ടുനടന്നാല്‍ അമ്പലം ജങ്ഷനിലും സ്ഥിതി പരിതാപകരമാണ്. ഇവിടെയും റോട്ടറി ജങ്ഷനിലും ചാലുകള്‍ മൂടാന്‍ കൊണ്ടിട്ട ഉരുളന്‍ കല്ലുകള്‍ റോഡ് നിറയെ ചിതറിക്കിടക്കുന്നതിനാല്‍ വാഹനങ്ങളുടെ ടയറിനടിയില്‍നിന്ന് തെറിക്കുന്ന കല്ല് ദേഹത്തുകൊണ്ട് ഏതുനിമിഷവും പരിക്കേല്‍ക്കാം എന്ന ഭീതിയോടെ വേണം നടക്കാന്‍. ഇവിടുത്തെ റോഡ് ചുരണ്ടിയെടുത്തപോലെയാണ് തകര്‍ന്നു കിടക്കുന്നത്. ശനിയാഴ്ച ഉള്‍പ്പെടെ മിക്ക ദിവസങ്ങളിലും ബൈക്ക് യാത്രികര്‍ക്ക് ഇവിടെ അപകടം സംഭവിക്കുന്നുണ്ട്. ഇടുക്കി റോഡില്‍ സ്ഥിരം ഗതാഗതക്കുരുക്കിന് കാരണമാകുകയാണ് റോഡിലെ കുഴികള്‍. ഇവിടെയുള്ള വന്‍ കുഴിയില്‍ കേബ്ളുകള്‍ പുറത്തുചാടിയ നിലയിലാണ്. കുഴി ഒഴിവാക്കിയുള്ള സ്ഥലത്തുകൂടെ ഒരു സമയം ഒരു വാഹനത്തിന് മാത്രമേ കടന്നുപോകാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ തിരക്കേറിയ ഈ റോഡില്‍ ഗതാഗതതടസ്സം പതിവാണ്. വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഇവിടെ. മാര്‍ക്കറ്റ് റോഡ്, മൂവാറ്റുപുഴ റോഡ്, പാലാ റോഡ് എന്നിവയൊക്കെ ഒരുഭാഗം തകര്‍ന്നുകിടക്കുകയാണ്. റോഡിന്‍െറ ഈ പരിതാപകരമായ അവസ്ഥ ചിലര്‍ക്ക് ഉപകാരമാണ്. അനധികൃതമായി റോഡരികില്‍ വണ്ടി പാര്‍ക്ക് ചെയ്യുന്നവര്‍ക്കാണ് ഇപ്പോള്‍ നല്ല കാലം. മുക്കാല്‍ ഭാഗത്തുവെച്ച് വെട്ടിപ്പൊളിച്ചതു കാരണം റോഡിന്‍െറ ഒരു ഭാഗത്തുകൂടെ മാത്രമേ വാഹനങ്ങള്‍ പോകൂ. മറുപകുതിയില്‍ ആരുടെയും ശല്യമില്ലാതെ സുഖമായി വണ്ടി പാര്‍ക്ക് ചെയ്യാം. പിന്നെയുള്ളത്, ചില ജങ്ഷനുകളില്‍ കാല്‍നടക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളാണ്. നാലുപാടുനിന്ന് വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ കഷ്ടപ്പെട്ട് വേണമായിരുന്നു മുമ്പ് റോഡ് മുറിച്ചുകടക്കാന്‍. എന്നാല്‍, ഇപ്പൊ കുഴികളും കിടങ്ങുകളും കാരണം വാഹനങ്ങള്‍ സ്വതവേ പതുക്കെ പോകും. റോട്ടറി ജങ്ഷനില്‍ റോഡിന് കുറുകെ എടുത്ത ചാലില്‍പെടാതെ പോകാന്‍ കഷ്ടപ്പെടുകയാണ് ഡ്രൈവര്‍മാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.