തൊടുപുഴ: കഴിഞ്ഞവര്‍ഷത്തില്‍ അക്ഷയ വഴി മികച്ച സേവനങ്ങള്‍ നല്‍കിയ ജില്ലക്കുള്ള പുരസ്കാരം ഇടുക്കി അക്ഷയക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഐ.ടി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയില്‍നിന്ന് അക്ഷയ എ.ഡി.സി എസ്. സബൂറ ബീവി പുരസ്കാരം ഏറ്റുവാങ്ങി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ 78 സേവനങ്ങളാണ് അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കിവരുന്നത്. ജില്ലയില്‍ മാത്രം നടപ്പാക്കിയ പ്രത്യേക പദ്ധതികളായ അക്ഷയജ്യോതി, അക്ഷയജ്വാല, ഐറിസ്, മാരുതി ബുക്കിങ് സര്‍വിസ് എന്നിവയും അക്ഷയകേന്ദ്രങ്ങളുടെ എണ്ണം 60ല്‍ നിന്ന് 120 ആക്കി ഉയര്‍ത്തിയതും അവാര്‍ഡ് നിര്‍ണയത്തിന് പരിഗണിക്കപ്പെട്ടു. ഇടമലക്കുടിയില്‍ അക്ഷയയുടെ നേതൃത്വത്തില്‍ നടത്തിയ ആധാര്‍ എന്‍റോള്‍മെന്‍റ്, ഇന്‍ഷുറന്‍സ് പദ്ധതികളായ ആര്‍.എസ്.ബി.വൈ, ആബി രജിസ്ട്രേഷന്‍, ആധാര്‍ ഇന്‍സെന്‍റിവ് വിതരണം, ബാങ്ക് അക്കൗണ്ട്, പെന്‍ഷന്‍ എന്നിവ ലഭിക്കുന്നതിനുവേണ്ടി നടത്തിയ ക്യാമ്പുകള്‍, വിസാറ്റ് വഴി ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാനും അക്ഷയകേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഇ-സേവനങ്ങളും ബാങ്കിങ് സേവനങ്ങളും നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അവാര്‍ഡ് നിര്‍ണയത്തില്‍ അനുകൂല ഘടകങ്ങളായി. ഇ-ഡിസ്ട്രിക്ട് പദ്ധതികള്‍ വഴി 4,67,770 സര്‍ട്ടിഫിക്കറ്റുകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. ജില്ലയിലെ 40 അക്ഷയകേന്ദ്രങ്ങള്‍ വഴി 10,61,844 ആധാര്‍ എന്‍റോള്‍മെന്‍റുകള്‍ പൂര്‍ത്തിയാക്കി. ഇവ ഏകദേശം 96 ശതമാനം വരും. പട്ടികവര്‍ഗ സങ്കേതങ്ങള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ജയിലുകള്‍, കലക്ടറേറ്റ്, ട്രഷറികള്‍, വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക ആധാര്‍ ക്യാമ്പുകള്‍ നടത്തി. ജനസമ്പര്‍ക്ക പരിപാടി വഴി 32,413 അപേക്ഷ സ്വീകരിച്ച് സംസ്ഥാനതലത്തില്‍തന്നെ രണ്ടാം സ്ഥാനത്തത്തെിയിരുന്നു. ഇന്‍ഷുറന്‍സ്, ബാങ്കിങ് സേവനങ്ങള്‍, പി.എം.ജെ.ഡി.വൈ പ്രകാരമുള്ള അക്കൗണ്ടുകള്‍, സുരക്ഷാ പെന്‍ഷനുകള്‍, ഡിജിറ്റല്‍ ലോക്കര്‍ എന്നീ സേവനങ്ങളും അക്ഷയ വഴി നല്‍കിയതും ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷം, നാഷനല്‍ ഒപ്ടിക്കല്‍ ഫൈബര്‍ ദേശീയതല ഉദ്ഘാടനം എന്നിവയിലെ മികച്ച പങ്കാളിത്തവും ഇടുക്കി അക്ഷയയെ അവാര്‍ഡിന് പരിഗണിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടപ്പാക്കിയ ഐറിസ് പദ്ധതിക്കും വനിതാ ശാക്തീകരണത്തിന് വേണ്ടി ജില്ലയിലെ സ്ത്രീകള്‍ക്ക് നടപ്പാക്കിയ അക്ഷയജ്വാല പദ്ധതിക്കും ദേശീയതലത്തില്‍ 2014-15 വര്‍ഷം പുരസ്കാരവും മികച്ച ഇ-ജില്ലാപദ്ധതി, ഇ-ഗവേണന്‍സ് എന്നിവ നടപ്പാക്കിയതിന് പുരസ്കാരവും ഇടുക്കി അക്ഷയക്ക് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.