മൂന്നാര്‍ സമരം: വ്യാപാര, ടൂറിസം മേഖലക്ക് നഷ്ടം എട്ടുകോടി

തൊടുപുഴ: മൂന്നാര്‍ സമരം ഇടുക്കിയിലെ വ്യാപാര ടൂറിസം മേഖലയില്‍ ഉണ്ടാക്കിയത് എട്ടുകോടിയിലേറെ രൂപയുടെ നഷ്ടം. ഒമ്പതുദിവസം മൂന്നാറിനെ സ്തംഭിച്ച് തോട്ടംതൊഴിലാളി സ്ത്രീകള്‍ നടത്തിയ സമരത്തിലാണ് സമസ്ത മേഖലകള്‍ക്കും തിരിച്ചടിയായത്. മൂന്നാര്‍ അടക്കമുള്ള പ്രധാന ടൂറിസം ആകര്‍ഷണ കേന്ദ്രങ്ങളിലെല്ലാം വിനോദസഞ്ചാരികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. വ്യാപാര വാണിജ്യ മേഖലയില്‍ മാത്രം ഏകദേശം എട്ടുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരി വ്യവസായി ജില്ലാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളടക്കം ഉണര്‍ന്നു പ്രവര്‍ത്തിച്ചതിലും ഈ ഘടകങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. പ്രതിസന്ധി അവസാനിപ്പിക്കാന്‍ തൊഴിലാളികളെക്കാള്‍ ആത്മാര്‍ത്ഥതയോടെ ശ്രമം നടത്തിയവര്‍ മറ്റുമേഖലകളിലുമുണ്ട്. ആവശ്യം സമരം തുടങ്ങിയതോടെ സന്ദര്‍ശകരുടെ വരവ് നിലച്ചതിനാല്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളും കാലിയായിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ വലഞ്ഞ സഞ്ചാരികള്‍ മൂന്നാറില്‍ നിന്ന് ഒഴിവായിരുന്നു. പലരും മാസങ്ങള്‍ക്കുമുമ്പ് ബുക്ക് ചെയ്ത മുറികള്‍ വരെ റദ്ദ് ചെയ്തു. പ്രതിദിനം 2000പേര്‍ എത്തിയിരുന്ന രാജമലയില്‍ സമരദിനങ്ങളില്‍ നൂറുപേര്‍ പോലും എത്തിയില്ല. ആനയിറങ്കലില്‍ 2000 പേരോളം എത്തിയിരുന്നത് പകുതിയായി കുറഞ്ഞു. 70,000 രൂപവരെ വരുമാനം ലഭിച്ച ഇവിടെ 10,000 ത്തിലേക്ക് സമരദിനങ്ങളില്‍ കൂപ്പുകുത്തി. മാട്ടുപ്പെട്ടിയിലെ ബോട്ടിങ്ങിന് സമരം കനത്ത തിരിച്ചടിയുണ്ടാക്കി. ഒന്നരലക്ഷം രൂപവരെ വരുമാനമുണ്ടായിരുന്ന ഇവിടെ 35,000 രൂപയാണ് സമരത്തിന്‍െറ ആദ്യദിവസങ്ങളില്‍ ലഭിച്ചത്. പിന്നീട് ആരും ഇല്ലാതായി. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഡി.ടി.പി.സിക്ക് ഉണ്ടായതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഡി.ടി.പി.സി മൂന്നാറില്‍നിന്ന് പ്രവര്‍ത്തിപ്പിച്ചിരുന്ന സൈറ്റ് സീയിങ് സര്‍വിസുകളെല്ലാം ഈ ദിവസങ്ങളില്‍ നിലച്ചു. മൂന്നാറിനെ കൂടാതെ മറയൂരിലും സമരം തിരിച്ചടിയായി. മൂന്നാറിലത്തെുന്നവര്‍ സാധാരണ മറയൂര്‍ കൂടി സന്ദര്‍ശിച്ചാണ് മടങ്ങാറ്. എന്നാല്‍, സമരദിനങ്ങളില്‍ മറയൂരിലേക്കും സഞ്ചാരികളുടെ എണ്ണവും തുച്ഛമായിരുന്നു. സമരം നാലാം ദിവസം പിന്നിട്ടതോടെ ഗത്യന്തരമില്ലാതെ വ്യാപാരികളും കടയടച്ച് ഒടുവില്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു. സമരത്തെ തുടര്‍ന്ന് നിശ്ചലാവസ്ഥയിലായ മൂന്നാറിലെ ടൂറിസം കേന്ദ്രങ്ങള്‍ ഇപ്പോഴും ആലസ്യത്തിലാണ്. വരുംദിവസങ്ങളില്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.