അടിമാലി: ആദിവാസി ഭവന നിര്‍മാണ പദ്ധതിപ്രകാരം ലഭിച്ച വീട് നിര്‍മിക്കാന്‍ കരാറുകാരെ ഏല്‍പിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികള്‍ രംഗത്തുവന്നത് വിവാദമായി. അടിമാലി പഞ്ചായത്തിലെ ചിന്നപ്പാറ, തലനിരപ്പന്‍, തട്ടേക്കണന്‍ ആദിവാസി കോളനികളില്‍ അനുവദിച്ച വീട് നിര്‍മാണമാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. മൂന്നിടങ്ങളിലായി 194 വീടുകളാണ് അനുവദിച്ചത്. ഒരു വീടിന് മൂന്നരലക്ഷം വീതം അനുവദിച്ചെങ്കിലും സ്വന്തമായി നിര്‍മാണം നടത്തരുതെന്ന ചില ജനപ്രതിനിധികളുടെ പിടിവാശിമൂലം പല ആദിവാസികള്‍ക്കും ആദ്യഘട്ടത്തില്‍ പണം കൈപ്പറ്റാന്‍ സാധിച്ചിട്ടില്ല. സംഭവം വിവാദമായതോടെ ചില ജനപ്രതിനിധികള്‍ വേഗത്തില്‍ ആദിവാസികളുടെ പേരില്‍ സൊസൈറ്റി രൂപവത്കരിച്ച് നിര്‍മാണം മൊത്തത്തില്‍ ഏറ്റെടുക്കാന്‍ ചരടുവലികള്‍ ആരംഭിച്ചിട്ടുണ്ട്. അടിമാലി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും ആദിവാസികള്‍ക്ക് അനുവദിച്ച ഫണ്ട് രണ്ട് വാര്‍ഡുകളില്‍ മാത്രം വിനിയോഗിച്ചതിനെതിരെ പരാതി നിലനില്‍ക്കെയാണ് പുതിയ വിവാദം. ശോച്യാവസ്ഥയിലായ 194 വീടുകള്‍ കോണ്‍ക്രീറ്റ് കെട്ടിടമാക്കി മാറ്റുന്നതിനാണ് ഫണ്ട് അനുവദിച്ചത്. 325 സ്ക്വയര്‍ ഫീറ്റില്‍ രണ്ട് ബെഡ് റൂം, ഒരു ഹാള്‍, സിറ്റൗട്ട്, അടുക്കള, കക്കൂസ് എന്നിവ ഉള്‍പ്പെടുത്തി വേണം വീട് നിര്‍മിക്കാന്‍. ഇതിന് ഗുണഭോക്താക്കള്‍ക്ക് തന്നെ നിര്‍മാണ ചുമതലയും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും ലാഭം നോക്കിയാണ് ജനപ്രതിനിധികള്‍ കരാര്‍ വേണമെന്ന് വാശിപിടിക്കുന്നത്. ആദ്യഘട്ടത്തില്‍ പണം വാങ്ങിയവരില്‍ നിന്ന് 15,000 രൂപ കമീഷനായി വാങ്ങിയതായും ആരോപണമുണ്ട്. അടിമാലി ബ്ളോക്കില്‍ വെങ്കായപ്പായപ്പാറയില്‍ ആദിവാസികള്‍ കരാറുകാരുടെ തട്ടിപ്പിനിരയായി ജപ്തി ഭീഷണി നേരിടുകയാണ്. ഇതിന് പിന്നാലെയാണ് സമാന പദ്ധതിയില്‍ ഇതേ ബ്ളോക്കില്‍ വീണ്ടും ആദിവാസികള്‍ ചൂഷണത്തിന് വേദിയാകുന്നത്. മതികെട്ടാനില്‍നിന്ന് മാറ്റി താമസിപ്പിച്ച ആദിവാസികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ബ്ളോക് പഞ്ചായത്ത് മുഖേന ഫണ്ട് അനുവദിച്ചിരുന്നു. മൊത്തത്തില്‍ കരാര്‍ ഏറ്റെടുത്തയാള്‍ ആദിവാസികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തു. പണം നല്‍കിയെങ്കിലും നിര്‍മാണം നടത്താതെവന്നതോടെ ബ്ളോക് പഞ്ചായത്ത് നടപടി സ്വീകരിച്ച് വാങ്ങിയ പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പണമടയ്ക്കാതെ വന്നതോടെ ജപ്തിക്ക് നടപടിയായി. ഇതോടെ പൊലീസില്‍ പരാതിനല്‍കി ആദിവാസികള്‍ കാത്തിരിക്കുമ്പോഴാണ് സമാന രീതിയില്‍ അടിമാലിയിലും വന്‍ തട്ടിപ്പിന് വേദിയൊരുങ്ങുന്നത്. വ്യക്തി കരാര്‍ വിവാദമായതോടെയാണ് സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് ഭവന നിര്‍മാണ പദ്ധതി ഏറ്റെടുക്കാന്‍ ചില ജനപ്രതിനിധികള്‍ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.