ജല സ്രോതസ്സുകളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു

ബൈസണ്‍വാലി: ബൈസണ്‍വാലി പഞ്ചായത്തിലെ സൊസൈറ്റിമേട് ഭാഗത്തുള്ള തോടുകളിലും മറ്റും വ്യാപകമായി കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. രാത്രിയില്‍ വാഹനത്തില്‍ എത്തിക്കുന്ന കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. ഹൈറേഞ്ച് മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ വന്‍തോതില്‍ കക്കൂസ് മാലിന്യം തള്ളുന്നത് വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സൊസൈറ്റിമേട് അങ്കണവാടിക്ക് സമീപമുള്ള പാലത്തില്‍നിന്ന് വാഹനത്തില്‍ എത്തിച്ച കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളിയത്. കൈവരികളും മറ്റുമില്ലാത്തതിനാല്‍ പാലത്തിന്‍െറ വശത്തേക്ക് വാഹനം ചേര്‍ത്തുനിര്‍ത്തിയാണ് ഇവ ഇവിടെ നിക്ഷേപിച്ചത്. നേരം വെളുത്തതിന് ശേഷം തോട്ടില്‍ കുളിക്കുവാന്‍ എത്തിയ പ്രദേശവാസിയാണ് വെള്ളത്തിന്‍െറ നിറവ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയതായി കണ്ടത്തെിയത്. നൂറുകണക്കിന് ആളുകളാണ് അലക്കുന്നതിനും കുളിക്കുന്നതിനും കുടിക്കുന്നതിനുമായി ഈ തോടിനെ ആശ്രയിക്കുന്നത്. സമീപത്തുള്ള വീടുകളില്‍ ചിലര്‍ ഈ വെള്ളം കുടിവെള്ളമായും മോട്ടര്‍ ഉപയോഗിച്ച് പമ്പുചെയ്ത് ഉപയോഗിക്കുന്നുണ്ട്. അടുത്ത നാളുകളിലായി രാത്രിയില്‍ ഇവിടെ തോട്ടിലേക്ക് വന്‍തോതില്‍ മാലിന്യം തള്ളലും സജീവമാണ്. ചിന്നക്കനാല്‍ അടക്കമുള്ള റിസോര്‍ട്ടുകളില്‍നിന്നും മറ്റുമായിരിക്കണം ഇത്തരത്തിലുള്ള മാലിന്യം വാഹനത്തില്‍ കയറ്റിക്കൊണ്ടുവന്ന് തള്ളുന്നതെന്നും ഇതിന് അടിയന്തര പരിഹാരം കാണണമെന്നും വെള്ളത്തിലേക്ക് ഉള്ള മാലിന്യം തള്ളല്‍ വന്‍ ആരോഗ്യ പ്രശ്നത്തിന് വഴിയൊരുക്കുമെന്നും പ്രദേശവാസികള്‍ പ്രതികരിച്ചു. പ്രദേശവാസികള്‍ ചേര്‍ന്ന് ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലും പൊലീസിലും പരാതി നല്‍കിയിട്ടുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.