കാത്തിരിപ്പിനൊടുവില്‍ കരിമ്പന്‍ പാലം യാഥാര്‍ഥ്യമായി

ചെറുതോണി: ഹൈറേഞ്ച് നിവാസികളുടെ ചിരകാല സ്വപ്നമായ കരിമ്പന്‍ പാലം യാഥാര്‍ഥ്യമായി. ഇതോടെ 37 വര്‍ഷം പഴക്കമുള്ള ചപ്പാത്ത് ചരിത്രത്തിലേക്ക് വഴിമാറി. ഈറ്റച്ചങ്ങാടത്തില്‍ ജനങ്ങള്‍ ജീവന്‍ പണയപ്പെടുത്തി ആയിരക്കണക്കിന് യാത്ര ചെയ്തിരുന്ന 1960കളിലെ കുടിയേറ്റ കാലത്താണ് പെരിയാറിന് കുറുകെ കരിമ്പനില്‍ ഒരു പാലം പണിയണമെന്ന ആവശ്യം നാട്ടുകാര്‍ ഉയര്‍ത്തുന്നത്. അങ്ങനെ മുരിക്കാശേരി, ഉപ്പുതോട്, കരിമ്പന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ ഒത്തുകൂടി ഒരു പാലം നിര്‍മിക്കുന്നതിനേക്കുറിച്ച് ആലോചിച്ചു. സാധാരണക്കാരായ കുടിയേറ്റ കര്‍ഷകര്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചു.പെരിയാറിന് കുറുകെ പണിതുയര്‍ത്തിയ പാലം 1972 മാര്‍ച്ച് 28ന് അന്നത്തെ കലക്ടര്‍ ഡി. ബാബുപോള്‍ ഉദ്ഘാടനവും നടത്തി. നാട്ടുകാരുടെ ഈ സന്തോഷം അധികകാലം നീണ്ടില്ല. 1975 ആഗസ്റ്റ് 13നുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും പാലം തകര്‍ന്നു. ഒരു ഗ്രാമം മാത്രമല്ല ഒരു പ്രദേശം മുഴുവന്‍ ഒറ്റപ്പെട്ടു.വീണ്ടും ഒരു പാലം നിര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ സര്‍ക്കാറിനെ സമീപിച്ചു. ഒരുരൂപ പോലും നല്‍കാന്‍ നിര്‍വാഹമില്ളെന്ന് സര്‍ക്കാര്‍ അറിയിച്ചു. എങ്കിലും നാട്ടുകാര്‍ പാലം എന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. വീണ്ടും പുനര്‍നിര്‍മാണ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജോസ് പൂമറ്റം പാലം പുനര്‍നിര്‍മാണ കമ്മിറ്റി കണ്‍വീനറായും പി.ടി. പൂങ്കുടി സെക്രട്ടറിയായും പുതിയൊരു കമ്മിറ്റി നിലവില്‍വന്നു. എങ്ങനെ ഫണ്ട് കണ്ടത്തെുമെന്നായി ആലോചന. ഒടുവില്‍ പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിക്കാന്‍ തീരുമാനിച്ചു. പാലത്തിന്‍െറ സ്ഥാനത്ത് സാമ്പത്തിക ഞെരുക്കം മൂലം ചപ്പാത്ത് നിര്‍മിച്ചാല്‍ മതിയെന്നും തീരുമാനിച്ചു. എന്ത് പ്രതികൂല കാലാവസ്ഥ വന്നാലും ചപ്പാത്ത് നിര്‍മിക്കാന്‍ തന്നെ തീരുമാനിച്ചു. ആദ്യമായി എസ്റ്റിമേറ്റും പ്ളാനും തയാറാക്കി. 1,48,600 രൂപ ചെലവില്‍ ചപ്പാത്ത് പണി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. 1976 ജൂണ്‍ ആറിന് അന്നത്തെ ഇടുക്കി ആര്‍.ഡി.ഒ എന്‍.എം. സാമുവല്‍ പാലം പണിക്കുള്ള തന്‍െറ സംഭാവന നല്‍കിക്കൊണ്ട് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. നാട്ടുകാരില്‍ നിരവധിപേര്‍ സംഭാവന നല്‍കാന്‍ തയാറായി മുന്നോട്ടുവന്നു. ചപ്പാത്തിന്‍െറ ശിലാസ്ഥാപനം നടത്തിയ മാര്‍ മാത്യു പോത്തനാംമൂളി 3000 രൂപ സംഭാവന നല്‍കി. കലക്ടര്‍ 15,000, മരിയാപുരം പഞ്ചായത്ത് 16,000, വാത്തിക്കുടി പഞ്ചായത്ത് 10,000 എന്നിങ്ങനെ സംഭാവന നല്‍കി. ഒടുവില്‍ വാഴത്തോപ്പ് പഞ്ചായത്ത് വാഗ്ദാനം ചെയ്ത തുക നല്‍കാന്‍ തയാറായില്ല. നാട്ടുകാര്‍ സംഘടിച്ച് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഒടുവില്‍ 10,000 രൂപ നല്‍കി. സ്ഥാപനങ്ങളില്‍നിന്ന് മാത്രം 78,852 രൂപ കിട്ടി. 300ല്‍പരം കുടുംബങ്ങള്‍ 101രൂപ മുതല്‍ എട്ടുരൂപ വരെ സംഭാവന നല്‍കി. അന്നത്തെക്കാലത്ത് വലിയൊരു തുകയായിരുന്നു അത്. ഇന്നത്തെപ്പോലെ എക്സ്കവേറ്ററോ യന്ത്ര സാമഗ്രികളോ സഹായത്തിനില്ലാതെ മനുഷ്യന്‍െറ കഠിനാധ്വാനം കൊണ്ടുമാത്രം ചുരുങ്ങിയ കാലംകൊണ്ട് ചപ്പാത്ത് പൂര്‍ത്തിയായി. അന്നത്തെ കലക്ടര്‍ കെ.എം. ചന്ദ്രശേഖരനും എം.എല്‍.എ ആയിരുന്ന അന്തരിച്ച പി.ടി. സെബാസ്റ്റ്യനും ആദ്യാവസാനം വരെ സഹകരിച്ചു. 1978 ജനുവരി 28ന് അന്നത്തെ കോതമംഗലം ബിഷപ് ഡോ. ജോര്‍ജ് പുന്നക്കോട്ടിലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി നാരായണക്കുറുപ്പായിരുന്നു ചപ്പാത്ത് ഉദ്ഘാടനം ചെയ്തത്. 37 വര്‍ഷത്തിനുശേഷം പഴയ ചപ്പാത്തിന്‍െറ സ്ഥാനത്ത് പുതിയ പാലം നാട്ടുകാര്‍ക്ക് തുറന്നുകൊടുക്കുമ്പോള്‍ പഴയ കമ്മിറ്റിക്കാരില്‍ ജീവിച്ചിരിപ്പുള്ള അപൂര്‍വം ചിലരിലൊരാളാണ് കണ്‍വീനര്‍ പി.ടി. പൂങ്കുടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.