സമാന്തര സമരം: ഒറ്റപ്പെട്ടത് എസ്. രാജേന്ദ്രന്‍ എം.എല്‍.എ

മൂന്നാര്‍: മൂന്നാറില്‍ കണ്ണന്‍ദേവന്‍ കമ്പനിക്കെതിരെ തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ മുഖം നഷ്ടപ്പെട്ട് തൊഴിലാളികള്‍ സമരം തുടങ്ങി മൂന്നാംദിവസം സമരത്തിന് പിന്തുണയറിയിച്ച് എം.എല്‍.എ എത്തിയെങ്കിലും സമരം നടത്തുന്ന തൊഴിലാളികള്‍ തങ്ങളോടൊപ്പം ചേരാന്‍ എം.എല്‍.എയെ അനുവദിച്ചിരുന്നില്ല. ഇതോടെ തൊഴിലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എം.എല്‍.എ സമാന്തരമായി നിരാഹാരസമരം ആരംഭിക്കുകയും ചെയ്തു. ഇത് തൊഴിലാളികള്‍ക്കിടയില്‍ അമര്‍ഷം രൂക്ഷമാക്കി. ഇതിനിടെ സ്വന്തം പാര്‍ട്ടി നേതാവും നിയമസഭ പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ മൂന്നാറിലത്തെുകയും സമരം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, എം.എല്‍.എ നടത്തുന്ന സമരവേദിയിലേക്ക് വി.എസ് എത്താതെവന്നതോടെ എം.എല്‍.എയുടെ സമരം വഴിപാടായി മാറി. എം.എല്‍.എ നടത്തുന്ന സമരവേദിയുടെ മുന്നിലൂടെ തൊഴിലാളികള്‍ കൂട്ടമായി കടന്നുപോകുമ്പോള്‍ ആക്രമണസാധ്യത മുന്നില്‍ കണ്ട് പൊലീസ് കനത്ത സുരക്ഷയും എം.എല്‍.എക്ക് നല്‍കുന്നുണ്ട്. പാര്‍ട്ടി ജില്ലാ നേതൃത്വം എം.എല്‍.എയുടെ സമരത്തെ പിന്തുണക്കുന്നുണ്ടെങ്കിലും മുന്‍ സമരങ്ങളെ അപേക്ഷിച്ച് ജനസാന്നിധ്യവും വളരെ കുറവാണ്. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു യൂനിയനുകള്‍ക്ക് മാത്രമാണ് ഇവിടെ അംഗീകാരമുള്ളത്. ഇവര്‍ സമരരംഗത്തേക്ക് വരുന്നതിനോട് തൊഴിലാളികള്‍ കടുത്ത എതിര്‍പ്പിലുമാണ്. യൂനിയന്‍ നേതൃത്വവും രാഷ്ട്രീയക്കാരും ജനപ്രതിനിധികളും തടിച്ചുകൊഴുക്കുമ്പോള്‍ തങ്ങള്‍ക്ക് കൊടിയ അവഗണന നേരിടുന്നതായും തൊഴിലാളികളുടെ പേരില്‍ ഇനിയാരും വളരാന്‍ നോക്കേണ്ടെന്നുമാണ് തൊഴിലാളികളുടെ നിലപാട്. ഇതോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളികള്‍ക്കിടയില്‍ ഒറ്റപ്പെട്ടു. വി.എസ് വന്ന് രംഗം കീഴടക്കിയതിന്‍െറ അമര്‍ഷത്തിലാണ് മിക്ക നേതാക്കളും. 2007 മൂന്നാര്‍ കൈയേറ്റം ഇടിച്ചുനിരത്താന്‍ വന്നപ്പോള്‍ കാലുവെട്ടുമെന്ന് പറഞ്ഞവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പാര്‍ട്ടിയെക്കാളും തനിക്ക് വലുത് ജനങ്ങളാണെന്ന് പരോക്ഷമായെങ്കിലും വ്യക്തമാക്കിയ വി.എസിന് തൊഴിലാളി സമരത്തില്‍ വന്‍ സ്വീകാര്യത കിട്ടിയതില്‍ സാധാരണക്കാര്‍ക്ക് അദ്ഭുതവുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.