വി.എസ് വീണ്ടും മൂന്നാര്‍ പിടിച്ചെടുത്തു

മൂന്നാര്‍: മുഖ്യമന്ത്രിയായിരിക്കെ 2007ല്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയത്തെിയ വി.എസ്. അച്യുതാനന്ദന്‍ മൂന്നാര്‍ ‘പിടിച്ചെടുത്തി’രുന്നു. എട്ടുവര്‍ഷത്തിനുശേഷം പ്രതിപക്ഷ നേതാവായും വി.എസ്. വീണ്ടും മൂന്നാറില്‍ അതാവര്‍ത്തിച്ചു. ട്രേഡ് യൂനിയനുകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും അകറ്റിനിര്‍ത്തി തോട്ടം തൊഴിലാളി സ്ത്രീകള്‍ നടത്തിവരുന്ന സമരവേദിയില്‍ ഐക്യദാര്‍ഢ്യവുമായി എത്തിയ വി.എസ് സമരം തീരുന്നതുവരെ താനും ഒപ്പം ഉണ്ടാകുമെന്നറിയിച്ചതോടെ തൊഴിലാളികള്‍ കൂടുതല്‍ ആവേശത്തിലായി. പാര്‍ട്ടി എതിരായിരുന്നുവെങ്കിലും മുഖ്യമന്ത്രിയായിരിക്കെ വി.എസ് ടാറ്റയുടെതടക്കം ഹെക്ടര്‍ കണക്കിന് കൈയേറ്റ ഭൂമി തിരിച്ചുപിടിക്കുകയും കൈയേറ്റ ഭൂമിയിലെ ബഹുനില മന്ദിരങ്ങള്‍ ഇടിച്ചുനിരത്തുകയും ചെയ്തിരുന്നു. ഇത്തവണ മൂന്നാറില്‍ തൊഴിലാളികളുടെ സമരമുഖത്തത്തെിയ വി.എസ് താന്‍ ജനങ്ങളോടൊപ്പമാണെന്ന സന്ദേശമാണ് നല്‍കിയത്. തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും അത് അംഗീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടതോടെ ആരവത്തോടെ തൊഴിലാളികള്‍ അദ്ദേഹത്തിനുപിന്നില്‍ അണിനിരന്നു. ഒമ്പതുദിവസമായി നടത്തുന്ന സമരത്തില്‍നിന്ന് രാഷ്ട്രീയ നേതാക്കളെയും ട്രേഡ് യൂനിയന്‍ നേതാക്കളെയും തൊഴിലാളികള്‍ അകറ്റിനിര്‍ത്തുമ്പോഴാണ് വി.എസ് എത്തി സമരത്തിന്‍െറ നേതൃത്വം പിടിച്ചെടുത്തത്. സമരം അവസാനിച്ചതിനു ശേഷം തിരികെ പോകുമ്പോഴാണ് വി.എസ് എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ നിരാഹാര പന്തല്‍ സന്ദര്‍ശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.