ഹൈറേഞ്ച് സംരക്ഷണസമിതി കുത്തിയിരുപ്പുസമരം നടത്തി

കട്ടപ്പന: പരിസ്ഥിതിലോല മേഖല പ്രശ്നത്തില്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് യഥാസമയം റിപ്പോര്‍ട്ട് അയക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ഹൈറേഞ്ച് സംരക്ഷണസമിതി ജില്ലയില്‍ പ്രതിഷേധ പ്രകടനവും വഴിയോരത്ത് കുത്തിയിരുപ്പുസമരവും നടത്തി. അറക്കുളം, കട്ടപ്പന, ചെറുതോണി, കഞ്ഞിക്കുഴി, നെടുങ്കണ്ടം, ഇരട്ടയാര്‍, മുരിക്കാശ്ശേരി, അണക്കര, പാറത്തോട് തുടങ്ങിയ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രകടനവും പ്രതിഷേധ കുത്തിയിരുപ്പുസമരവും. വ്യാഴാഴ്ച വൈകുന്നേരം ആറിന് ഇടുക്കി കവലയില്‍നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധി സ്ക്വയറിന് മുന്നിലത്തെിയ ശേഷം കട്ടപ്പന പഞ്ചായത്ത് ഓഫിസിന് മുന്നില്‍ റോഡില്‍ കുത്തിയിരുന്ന് രണ്ട് മിനിറ്റ് പ്രതീകാത്മകമായി വഴിതടഞ്ഞു. തുടര്‍ന്ന് റോഡ് ഒഴിവാക്കി ഗാന്ധിസ്ക്വയറിന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. ഹൈറേഞ്ച് സംരക്ഷണസമിതി രക്ഷാധികാരി ആര്‍. മണിക്കുട്ടന്‍ കുത്തിയിരുപ്പ് സമരം ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഇമാം മൗലവി റഫീഖ് അല്‍ കൗസരി അധ്യക്ഷത വഹിച്ചു. ഫാ. ജോസ് പ്ളാച്ചിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ. മോഹനന്‍, കോര്‍എപ്പിസ്കോപ്പ ഫാ. വര്‍ഗീസ് ജേക്കബ് പഞ്ഞിക്കാട്ടില്‍, എം.എ.ടി.എ പ്രസിഡന്‍റ് പി.കെ. ഗോപി, പി.ജെ. ജോസഫ്, സാബു ജോസഫ്, പി. രമണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെറുതോണിയില്‍ നടന്ന സമരം ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.