തൊടുപുഴ: ഇടുക്കി ജില്ലയുടെ വിനോദ സഞ്ചാര മേഖലക്ക് കുതിച്ചു ചാട്ടം നല്‍കുമെന്ന് കരുതുന്ന മലങ്കര ടൂറിസം പദ്ധതിയില്‍ രണ്ടരക്കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സര്‍ക്കാറില്‍നിന്ന് അന്തിമ അനുമതി ലഭിച്ചതോടെയാണ് നിര്‍മാണം ആരംഭിച്ചത്. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മലങ്കര ടൂറിസം പദ്ധതി മാറുമെന്നാണ് സര്‍ക്കാറിന്‍െറ കണക്കുകൂട്ടല്‍. പദ്ധതി പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുന്നു എന്ന ആക്ഷേപം വര്‍ഷങ്ങളായി ഉയരുന്നതിനിടെയാണ് രണ്ടരക്കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ 3.35 കോടിയുടെ ബൃഹത്തായ ടൂറിസം പദ്ധതിക്കാണ് മലങ്കര ജലാശയത്തില്‍ തുടക്കമിട്ടത്. മലമ്പുഴ ടൂറിസം പദ്ധതിക്ക് സമാനരീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരുന്നത്. ജലാശയത്തിന് ചുറ്റുമുള്ള 15 ഏക്കറോളം വരുന്ന ഭൂമി പദ്ധതിക്കായി സജ്ജമാക്കിയിട്ടുണ്ട്. പൂന്തോട്ടം, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള വിനോദ കേന്ദ്രങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ബോട്ട് സര്‍വിസ് എന്നിവയാണ് മലങ്കരയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പാര്‍ക്കിനും മറ്റുമായി വേണ്ടിവരുന്ന സ്ഥലം മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ട്. പ്രാരംഭ ഘട്ടമെന്ന നിലയില്‍ പൂച്ചെടികള്‍ നിര്‍മിച്ച് മനോഹരമാക്കാനും പ്രവേശകവാടം സ്ഥാപിക്കാനുമാണ് ഒരുങ്ങുന്നത്. ഇതിനുള്ള ജോലി ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. അഞ്ചു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായിരിക്കും രണ്ടരക്കോടിയുടെ ഭരണാനുമതി. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്നു വര്‍ഷം മുമ്പ് മലങ്കര അണക്കെട്ടിന് മുകള്‍ ഭാഗത്ത് വിശാലമായി ബോട്ട് ജെട്ടി നിര്‍മിച്ചിരുന്നു. ഇവിടെ എന്‍ജിന്‍ ഘടിപ്പിച്ച ബോട്ട് ഉപയോഗിച്ച് സവാരി നടത്താനായിരുന്നു ആലോചന. എന്നാല്‍, പദ്ധതി നടപ്പായില്ല. ഇടുക്കി ഡാം തുറക്കുന്ന അവസരത്തില്‍ ആയിരക്കണക്കിനാളുകള്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ജില്ലയിലേക്ക് എത്തുന്നുണ്ട്. പ്രകൃതിഭംഗി കൊണ്ട് ഇടുക്കി ഡാമിന് കിടപിടിക്കുന്ന മലങ്കര ജലാശയത്തില്‍ ബോട്ടിങ് ആരംഭിക്കുന്നത് നൂറുകണക്കിന് സ്വദേശ-വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇടയാക്കും. ബോട്ട് ജെട്ടി നിര്‍മിച്ചിരിക്കുന്നതിന്‍െറ നേരെ മുകളില്‍ ഡാമിന് മധ്യത്തിലായി വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന മനോഹരമായ തുരുത്തുണ്ട്. ഈ തുരുത്ത് മനോഹരമാക്കാനും പദ്ധതിയിലൂടെ തീരുമാനിച്ചിട്ടുണ്ട്. മൂന്നേക്കറോളം വരുന്ന തുരുത്തിലേക്ക് ബോട്ട് സര്‍വിസും ഉണ്ടാകും. മലങ്കര ടൂറിസത്തോടനുബന്ധിച്ച് കുടയത്തൂര്‍, ഇലവീഴാപൂഞ്ചിറ എന്നീ സ്ഥലങ്ങളെ കൂടി ഉള്‍പ്പെടുത്തി സമഗ്രപാക്കേജ് തയാറാക്കാനും ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.