രാജാക്കാട്: ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്ന് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പഴയവിടുതി കോളനി ഭാഗത്ത് നിര്‍മിക്കുന്ന എസ്.സി കുടിവെള്ള പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത്. രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്നുള്ള 15 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു കുടിവെള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ഒന്നു പഴയവിടുതിയിലും രണ്ടാമത്തേത് മുല്ലക്കാനത്തും. എസ്റ്റിമേറ്റ് അനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിട്ടില്ളെന്നാണ് നാട്ടുകാരുടെ ആരോപണം. ഉപഭോക്തൃ കമ്മിറ്റി രൂപവത്കരിച്ചത് പോലും പ്രദേശവാസികള്‍ അറിയാതെയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. 35ഓളം കുടുംബങ്ങളാണ് എസ്.സി കുടിവെള്ള പദ്ധതിയുടെ ഉപഭോക്താക്കള്‍. പദ്ധതിയുടെ ഭാഗമായി കുളം നിര്‍മിക്കാന്‍ ഒരു കുടുംബത്തില്‍നിന്ന് 2500 രൂപ വീതം വാങ്ങിയാണ് നാലു സെന്‍റ് സ്ഥലം വാങ്ങിയത്. എന്നാല്‍, കുളം നിര്‍മിച്ചത് എസ്റ്റിമേറ്റ് അനുസരിച്ചായിരുന്നില്ല. ഏഴു റിങ്ങുകള്‍ കുളത്തിനുള്ളില്‍ ഇറക്കണമെന്നാണ് എസ്റ്റിമേറ്റില്‍ ഉള്ളത്. കരാറുകാരന് വന്‍തുക ലാഭമുണ്ടാക്കുന്നതിനായി ഉപഭോക്തൃ കമ്മിറ്റി ഭാരവാഹികളുടെയും ജില്ലാ പഞ്ചായത്തിന്‍െറയും ഒത്താശയോടെ നാലു റിങ്ങുകള്‍ കുളത്തിനുള്ളില്‍ വാര്‍ത്തതിനുശേഷം മൂന്നു റിങ്ങുകള്‍ മണ്ണിന് മുകളില്‍ വാര്‍ത്ത് വശങ്ങളില്‍ മണ്ണിട്ടുയര്‍ത്തുകയായിരുന്നു. ഇതില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ കുളം വീണ്ടും താഴ്ത്താന്‍ തീരുമാനിച്ചു. കുളത്തിലുണ്ടായിരുന്ന പാറ പൊട്ടിക്കുകയും ചെയ്തു. മുമ്പേ കുളത്തില്‍ ഇറക്കിയിരിക്കുന്ന റിങ്ങുകള്‍ പാറ പൊട്ടിക്കാന്‍ നടത്തിയ സ്ഫോടനത്തില്‍ വിണ്ടുപൊട്ടിയ അവസ്ഥയിലാണ്. ഇതോടെ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റ് വിഭാഗം സ്ഥലത്തത്തെി പരിശോധിച്ച് കോളനി ഭാഗത്തെ വാട്ടര്‍ ടാങ്ക് നിര്‍മാണം അശാസ്ത്രീയമാണെന്നും അഴുക്ക് ജലം കുളത്തിലേക്ക് ഇറങ്ങുമെന്നതിനാല്‍ വെള്ളം ഉപയോഗപ്രദമാവില്ളെന്നും വിലയിരുത്തിയിരുന്നു. എന്നാല്‍, ഇത് അവഗണിച്ച കരാറുകാരന്‍ നിര്‍മാണം തുടരുകയാണുണ്ടായത്. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി പമ്പ്ഹൗസിലേക്ക് വൈദ്യുതി എടുത്തിരിക്കുന്നതും വിവാദത്തിലാണ്. ഒരു പോസ്റ്റ് മാത്രം സ്ഥാപിച്ചാല്‍ വൈദ്യുതി എത്തിക്കാമെന്നിരിക്കേ നിലവില്‍ ഉപഭോക്തൃ കമ്മിറ്റിയുടെ ഭാരവാഹി കൂടിയായ ആളുടെ സ്ഥലത്തുകൂടി രണ്ടു പോസ്റ്റ് സ്ഥാപിച്ചാണ് വൈദ്യുതി എത്തിച്ചിരിക്കുന്നത്. പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനകരമായ വിധം നടപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.