അടിമാലി: പത്താംമൈല്‍-ദേവിയാര്‍ കോളനി റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂര്‍ണമായി. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ കാല്‍നടപോലും ദുസ്സഹമായിരിക്കുകയാണ്. പത്താംമൈലില്‍നിന്ന് തുടങ്ങി രണ്ടു കി.മീ. ദൈര്‍ഘ്യമാണ് ഈ റോഡിനുള്ളത്. ദേവിയാര്‍ പുഴക്ക് കുറുകെയുള്ള പാലം മുതല്‍ തകര്‍ന്ന് കിടക്കുന്ന റോഡില്‍ പലയിടങ്ങളിലും കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. ദേവിയാര്‍ കോളനി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് ഈ റോഡിലൂടെയാണ് പോകേണ്ടത്. തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണം തുടങ്ങുന്നതിന് മുന്നോടിയായി ഈ റോഡ് വൈദ്യുതി വകുപ്പ് ഏറ്റെടുത്തിരുന്നു. ഇതിനുശേഷം ടാറിങ്ങോ റോഡ് സംരക്ഷണ പ്രവൃത്തികളോ നടത്താത്തതാണ് റോഡ് ഇത്തരത്തില്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പലയിടത്തും റോഡരികിലെ കാന നികന്ന നിലയിലാണ്. ഇത് മഴപെയ്താല്‍ വെള്ളക്കെട്ടിനും കാരണമാകുന്നുണ്ട്. മഴ പെയ്യുന്നതോടെ റോഡിലൂടെയുള്ള യാത്ര തീര്‍ത്തും ദുരിതമാകുകയാണ്. റോഡിന്‍െറ മോശം അവസ്ഥ കാരണം ടാക്സിക്കാരോ ഓട്ടോക്കാരോ ഇതുവഴി വരാന്‍ താല്‍പര്യം കാണിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.