കസ്തൂരിരംഗന്‍: ജില്ലയില്‍ വീണ്ടും പ്രതിഷേധം

തൊടുപുഴ: പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ സമിതി ശിപാര്‍ശയുമായി ബന്ധപ്പെട്ട് കേന്ദ്രം പുതിയ വിജ്ഞാപനം പുറത്തിറക്കിയ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ വീണ്ടും വ്യാപക പ്രതിഷേധം ഉയരുന്നു. ഹൈറേഞ്ച് സംരക്ഷണസമിതി, സി.പി.എം, ഇന്‍ഫാം എന്നിവരാണ് പ്രതിഷേധവുമായി രംഗത്തത്തെിയിരിക്കുന്നത്. നിലവിലുണ്ടായിരുന്ന കരട് വിജ്ഞാപനത്തിന്‍െറ കാലാവധി അവസാനിച്ചതോടെയാണ് പുതിയ വിജ്ഞാപനം നിലവില്‍വന്നത്. ജനങ്ങളുടെ ആശങ്കക്ക് ഇനിയും പരിഹാരമാകാത്ത സാഹചര്യത്തില്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങാനാണ് ഹൈറേഞ്ച് സംരക്ഷണസമിതിയുടെ തീരുമാനം. പരിസ്ഥിതിലോല മേഖല നിര്‍ണയവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ താല്‍പര്യത്തിന് വിപരീതമായി തീരുമാനം വന്നാല്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കാന്‍ ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍ബോഡി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇ.എസ്.എ നിര്‍ണയവുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന ഒൗദ്യോഗിക രേഖകള്‍ സമാഹരിച്ച് യാഥാര്‍ഥ്യം ജനങ്ങളെ ബോധിപ്പിക്കുമെന്ന് സമിതി അറിയിച്ചു. ഈ വിഷയത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാറും നടത്തിയ കത്തിടപാടുകള്‍ രഹസ്യമാക്കി വെക്കുന്നത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഇത് ഗൂഢാലോചനയാണെന്നാണ് സമിതിയുടെ വിലയിരുത്തല്‍. അടിയന്തര സാഹചര്യങ്ങള്‍ വിലയിരുത്തി വേണ്ടിവന്നാല്‍ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി, ജനറല്‍ കണ്‍. ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍, രക്ഷാധികാരികളായ സി.കെ. മോഹനന്‍, ആര്‍. മണിക്കുട്ടന്‍, മൗലവി മുഹമ്മദ് റഫീഖ് അല്‍ കൗസരി, കെ.കെ. ദേവസ്യ, സെക്രട്ടറി ജോസഫ് കുഴിപ്പള്ളി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ട ജനതയോടുള്ള സംസ്ഥാനസര്‍ക്കാറിന്‍െറ വഞ്ചനാപരമായ നിലപാടിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് കര്‍ഷകസംഘടനയായ ഇന്‍ഫാം പ്രഖ്യാപിച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ വിഷയത്തില്‍ സി.പി.എമ്മും സമരവുമായി മുന്നോട്ടുപോവുകയാണ്. സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് എത്തിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സി.പി.എം കരിദിനം ആചരിക്കും. കരിദിനാചരണത്തിന്‍െറ ഭാഗമായി 1840 ബ്രാഞ്ച് കേന്ദ്രങ്ങളിലും 148 ലോക്കല്‍ കേന്ദ്രങ്ങളിലും കറുത്ത ബാഡ്ജ് ധരിച്ച് പ്രകടനം നടത്തും. യു.ഡി.എഫ് നേതാക്കള്‍ പ്രസ്താവനകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സി.പി.എം ആരോപിക്കുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താതെ ജനങ്ങളില്‍നിന്ന് മറച്ചുവെക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് ആദ്യം നടത്തിയത്. റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത് ജോയ്സ് ജോര്‍ജ് എം.പിയാണ്. കര്‍ഷകര്‍ പ്രക്ഷോഭത്തിന് ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. വനത്തിനുപുറത്തെ മേഖലകള്‍ ഇ.എസ്.എയില്‍ ഉള്‍പ്പെടുത്തരുതെന്ന് ജനപ്രതിനിധികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാതെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഒരു വില്ളേജില്‍ ഇ.എസ്.എ പ്രദേശം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവിടെ മറ്റുനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ളെന്ന സത്യം ഇവര്‍ മറച്ചുവെക്കുകയാണെന്നും സി.പി.എം നേതാക്കള്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.