കസ്തൂരിരംഗന്‍: എം.പിയും സി.പി.എമ്മും ജനങ്ങളെ ഭയപ്പെടുത്തുന്നു –മാത്യു കുഴല്‍നാടന്‍

തൊടുപുഴ: പരിസ്ഥിതിലോല പ്രദേശ വിഷയത്തില്‍ ജോയ്സ് ജോര്‍ജ് എം.പിയും സി.പി.എം നേതൃത്വവും നടത്തുന്ന വ്യാജപ്രചാരണങ്ങളുടെ നിജസ്ഥിതി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ്-യു.ഡി.എഫ് നേതൃത്വങ്ങള്‍ പരാജയപ്പെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. കോണ്‍ഗ്രസിന്‍െറ ജില്ലയിലെ സംഘടനാപരമായ ദൗര്‍ബല്യമാണ് ഇതിന്‍െറ മുഖ്യകാരണമെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പേരില്‍ ഇടുക്കി എം.പിയും സി.പി.എമ്മും ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഇക്കാര്യത്തില്‍ ജോയ്സ് ജോര്‍ജുമായി പരസ്യസംവാദത്തിന് തയാറാണ്. എം.പിയെന്ന നിലയില്‍ കര്‍ഷക ആശങ്ക അകറ്റാന്‍ ജോയ്സ് ജോര്‍ജ് എന്തുചെയ്തെന്ന് വ്യക്തമാക്കണം. ജോയ്സ് ജോര്‍ജ് എം.പിയാകുന്നതിന് മുമ്പാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നിരാകരിച്ച് കസ്തൂരി രംഗന്‍ കമ്മിറ്റിയെ നിയോഗിച്ചതും കരടുവിജ്ഞാപനം പുറപ്പെടുവിച്ചതും. ഈ അവസ്ഥ ഇപ്പോഴും തുടരുകയാണെന്നിരിക്കെ ജോയ്സ് ജോര്‍ജ് പാര്‍ലമെന്‍റില്‍ ഇതിന് ഒന്നും ചെയ്തിട്ടില്ളെന്ന് വ്യക്തമാണ്. കരടുവിജ്ഞാപനത്തില്‍ തല്‍സ്ഥിതി തുടരുന്ന സാഹചര്യത്തില്‍ 11ന് സി.പി.എം കരിദിനം ആചരിക്കുന്നതെന്തിനെന്ന് വ്യക്തമാക്കണം. കരടുവിജ്ഞാപനവുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കേണ്ട മുഴുവന്‍ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഇത് കേന്ദ്രസര്‍ക്കാറിനും ബോധ്യപ്പെട്ടിട്ടുള്ളതാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള കുതന്ത്രങ്ങള്‍ എം.പിയും സി.പി.എമ്മും അവസാനിപ്പിക്കണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.