അടിമാലിയില്‍ ആധുനിക അറവുശാലയുടെ നിര്‍മാണം പൂര്‍ത്തിയായി

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ നിര്‍മിക്കുന്ന ആധുനിക അറവുശാലയുടെ നിര്‍മാണം പൂര്‍ത്തിയായി. 40 ലക്ഷത്തോളം രൂപ മുതല്‍മുടക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ശുചിത്വമിഷന്‍െറ ഭാഗമായി 20 ലക്ഷം രൂപയും പഞ്ചായത്തിന്‍െറ വികസന ഫണ്ടിന്‍െറ ഭാഗമായുള്ള 20 ലക്ഷം രൂപയും ചേര്‍ത്താണ് പദ്ധതിക്കുള്ള പണം കണ്ടത്തെിയത്. അടിമാലി ടൗണിന് സമീപമായി മാര്‍ക്കറ്റില്‍ നിര്‍മാണം പൂര്‍ത്തിയായ ആധുനിക അറവുശാലയില്‍ പൂര്‍ണമായ യന്ത്രവത്കൃത സംവിധാനമാണ് ഉപയോഗിക്കുന്നത്. മൂന്നു മുറികളുള്ള അറവുശാലയില്‍ ആടുകള്‍ക്കും മാടുകള്‍ക്കുമായി രണ്ടു മുറികള്‍ പ്രത്യേകം തിരിച്ചിട്ടുണ്ട്. അറവുചെയ്യാനായി കൊണ്ടുവരുന്ന മൃഗത്തിന് അസുഖങ്ങളൊന്നും ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതിന് വെറ്ററിനറി ഡോക്ടറുടെ സേവനവും ഉറപ്പാക്കും. ഡോക്ടറുടെ പരിശോധനക്കും മറ്റുമായി പ്രത്യേകം മുറിതന്നെ സജ്ജീകരിച്ചിട്ടുണ്ട്. അറവുചെയ്യുന്ന മൃഗത്തെ മയക്കുവെടിവെച്ച് മയക്കിയതിന് ശേഷമാണ് കൊല്ലുന്നത്. മൃഗങ്ങളുടെ രക്തം, ചാണകം എന്നിവ അറവുശാലയുടെ സമീപത്ത് സ്ഥാപിച്ചിട്ടുള്ള ബയോഗ്യാസ് പ്ളാന്‍റിലേക്ക് എത്തിക്കുന്ന സംവിധാനവും ആധുനിക അറവുശാലയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് അറകളായാണ് ഇതിനുള്ള പ്ളാന്‍റ് നിര്‍മിച്ചിരിക്കുന്നത്. അറവുശാലയിലെ മലിനജലം പുറംതള്ളുന്നതിനുള്ള ടാങ്കിന്‍െറ നിര്‍മാണവും പൂര്‍ത്തിയായി. ആധുനിക അറവുശാലയോടനുബന്ധിച്ച് ഉല്‍പാദിപ്പിക്കുന്ന ബയോഗ്യാസ് വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിന് നടപടി പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍ പറഞ്ഞു. ശബ്ദരഹിത അറവുശാലയില്‍ മൃഗങ്ങളെ മയക്കിയതിനുശേഷം കൊല്ലുന്നതിനാല്‍ ദേഹപീഡകളോ മറ്റ് തരത്തിലുള്ള പീഡനങ്ങളോ അവക്ക് അനുഭവിക്കേണ്ടി വരുന്നില്ല എന്നതും ഈ അറവുശാലയുടെ പ്രത്യേകതയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.