നെടുങ്കണ്ടം: ജില്ലയില്‍ കാലാവസ്ഥാ വ്യതിയാനം മൂലം വരള്‍ച്ച ബാധിത പ്രദേശങ്ങളുടെ എണ്ണം കൂടുമ്പോഴും ഗ്രാമീണ ജലസേചന പദ്ധതികള്‍ കാര്യക്ഷമമല്ലാത്തത് തിരിച്ചടിയാകുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ കഠിനമായ ചൂടും വരള്‍ച്ചയുമാണ് അനുഭവപ്പെടുന്നത്. ഇത് മനസ്സിലാക്കി ജലക്ഷാമം പരിഹരിക്കാന്‍ ത്രിതലപഞ്ചായത്തുകള്‍ ജല വിതരണ പദ്ധതികള്‍ കാര്യക്ഷമമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിര്‍മാണം പൂര്‍ത്തിയായതും പാതിവഴിയില്‍ മുടങ്ങിയതുമായ പദ്ധതികള്‍ ജില്ലയില്‍ നിരവധിയുണ്ട്. പ്രവര്‍ത്തനരഹിതമായ പമ്പുസെറ്റുകളും തകരാറിലായ മോട്ടോറുകളും പൊട്ടിതകര്‍ന്ന പൈപ്പുകളും പൊട്ടിയൊലിക്കുന്ന ജലസംഭരണികളും ഒപ്പം ശുചീകരണം നടത്താത്ത കുളങ്ങളും കിണറുകളും ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിരവധിയാണ്. ഇവിടങ്ങളിലെല്ലാം തന്നെ ജലവിതരണവും മുടങ്ങിയിരിക്കുകയാണ്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഓരോവര്‍ഷവും ലക്ഷങ്ങളാണ് ജില്ലയിലെ ഓരോ പഞ്ചായത്തും ചെലവഴിക്കുന്നത്. ഇവയില്‍ മിക്കവയും കടുത്ത വേനലില്‍ നടപ്പാക്കുന്നവയാണ്. മാത്രവുമല്ല താല്‍ക്കാലിക പരിഹാര മാര്‍ഗങ്ങളാണ്. കടുത്തജലക്ഷാമം മൂലം ജനം പൊറുതിമുട്ടി കഴിയുമ്പോള്‍ മാത്രം ഉണര്‍ന്നെണീക്കുന്ന അധികൃതര്‍ പുതുതായി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ ശ്രമം ആരംഭിച്ച് വരുമ്പോഴേക്കും കാലവര്‍ഷം ആരംഭിക്കുകയും ആലോചനകള്‍ അവസാനിപ്പിക്കുകയുമാണ് പതിവ്. ഹൈറേഞ്ചില്‍ ജനുവരി ആരംഭത്തോടെ വെള്ളം വിലയ്ക്ക് വാങ്ങി തുടങ്ങും. താലൂക്ക് ക്വാര്‍ട്ടേഴ്സിലും താലൂക്ക് ആശുപത്രിയിലും ജലവിതരണ പദ്ധതികള്‍ താളം തെറ്റിയവയാണ്. ജല അതോറിറ്റിയുടെയും പഞ്ചായത്തിന്‍െറയും അലംഭാവം മൂലമാണ് പലപ്പോഴും ജലവിതരണം മുടങ്ങുന്നത്. ഹൈറേഞ്ചില്‍ എം.പി, എം.എല്‍.എ, ത്രിതലപഞ്ചായത്ത് എന്നിവരുടെ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള നിരവധി പദ്ധതികള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാലും നിര്‍മാണത്തിലെ പിഴവ് മൂലവും പാഴായിക്കിടക്കുകയാണ്. ഏറ്റവുമധികം ജലക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തുകളാണ് കരുണാപുരം, പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പന്‍ചോല പഞ്ചായത്തുകള്‍. ഇതില്‍ ഏറെ ദുരിതം തമിഴ്നാടിനോട് ചേര്‍ന്ന കരുണാപുരം പഞ്ചായത്തിലാണ്. ഇവിടെ വിനോദ സഞ്ചാരകേന്ദ്രമായ രാമക്കല്‍ മേട്, ബാലന്‍പിള്ള സിറ്റി, ബംഗ്ളാദേശ്, ഇടത്തറ മുക്ക്, കുരുവിക്കാനം, അമ്പതേക്കര്‍, തണ്ണിപ്പാറ, പ്രകാശ് ഗ്രാം, ശൂലപ്പാറ, ചക്കക്കാനം, കരുണാപുരം, കമ്പംമെട്ട്, അച്ചക്കട, പാറക്കട, മന്തിപ്പാറ, വയലാര്‍നഗര്‍, കുഴിത്തൊളു, അമ്പലമേട്, കുളത്തൂമേട്, തേഡ്ക്യാമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. തുക വകകൊള്ളിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യാഥാര്‍ഥ്യമാക്കാത്ത നിരവധി പദ്ധതികളുണ്ട്. പട്ടികജാതിക്കാരും തോട്ടം തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ പോലും കടുത്ത ജലക്ഷാമമാണ് അനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.