ജില്ലയില്‍ 8.45 ലക്ഷം വോട്ടര്‍മാര്‍; 1384 പോളിങ് സ്റ്റേഷനുകള്‍

തൊടുപുഴ: തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ 8,45,000 വോട്ടര്‍മാരാണുള്ളത്. 4,25,177 സ്ത്രീകളും 4,19,821 പുരുഷന്മാരും, രണ്ടു ഭിന്നലിംഗക്കാരും ഇതില്‍ ഉള്‍പ്പെടും. ഇടുക്കി ജില്ലാപഞ്ചായത്ത്, ദേവികുളം, അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നീ എട്ടു ബ്ളോക് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. 53 ഗ്രാമപഞ്ചായത്തുകളില്‍ കട്ടപ്പന പഞ്ചായത്ത് മുനിസിപ്പാലിറ്റിയാകുന്നതോടെ ജില്ലക്ക് രണ്ടു മുനിസിപ്പാലിറ്റികളാകും. തൊടുപുഴയാണ് മറ്റൊരു മുനിസിപ്പാലിറ്റി . ജില്ലാ പഞ്ചായത്തും തൊടുപുഴ നഗരസഭയും എട്ടു ബ്ളോക് പഞ്ചായത്തുകളും 43 ഗ്രാമപഞ്ചായത്തുകളും ഇപ്പോള്‍ യു.ഡി.എഫിന്‍െറ കൈയിലാണ്. നഗരസഭയില്‍ മുസ്ലിംലീഗും ജില്ലാ പഞ്ചായത്തിലും എട്ടു ബ്ളോക് പഞ്ചായത്തുകളിലും കോണ്‍ഗ്രസും അധ്യക്ഷ പദവി അലങ്കരിക്കുന്നു. ഹൈറേഞ്ച് മേഖലയിലെ ദേവികുളം, വട്ടവട, ചിന്നക്കനാല്‍, മാങ്കുളം, സേനാപതി, രാജാക്കാട്, ഉടുമ്പഞ്ചോല, രാജകുമാരി, കൊക്കയാര്‍ ഗ്രാമപഞ്ചായത്തുകളിലാണ് എല്‍.ഡി.എഫ് ഭരണം. 52 പഞ്ചായത്തില്‍ 792 വാര്‍ഡുകളാണുള്ളത്. 1384 പോളിങ് സ്റ്റേഷനുകളും. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 35ഉം കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ 34ഉം പോളിങ് സ്റ്റേഷനുകളാണുള്ളത്. 8200 ഓളം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കലക്ടറേറ്റില്‍ തെരഞ്ഞെടുപ്പിന് സജ്ജമായിട്ടുണ്ട്. ഇവയുടെ പരിശോധനകള്‍ പൂര്‍ത്തിയായതായും ഇലക്ഷന്‍ വിഭാഗം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.