അപകട ഭീഷണി ഉയര്‍ത്തി സ്റ്റേഡിയം കോംപ്ളക്സിലെ ജനല്‍ ചില്ലുകള്‍

നെടുങ്കണ്ടം: സ്റ്റേഡിയം കോംപ്ളക്സിലെ ജനല്‍ ചില്ലുകള്‍ അടര്‍ന്നു വീഴുന്നത് ഭീഷണിയാകുന്നു. നെടുങ്കണ്ടം കിഴക്കേ കവലയില്‍ നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയ കായിക സ്റ്റേഡിയത്തിന്‍െറ മുകളിലത്തെ നിലകളിലെ ജനാലകളുടെ ചില്ലുകളാണ് താഴേക്ക് പൊട്ടിവീഴുന്നത്. ചെറിയ കാറ്റില്‍ ജനാലകള്‍ തുറന്നടയുമ്പോള്‍ പോലും ചില്ലുകള്‍ പൊട്ടി വീഴുകയാണ്. പല ജനാലകളുടെയും ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. മറ്റ് ചിലത് ജനാലയില്‍ തന്നെ അടര്‍ന്നിരിക്കുകയാണ്. സ്റ്റേഡിയം കോംപ്ളക്സിലെ മുകളിലത്തെ രണ്ടു നിലയിലെയും ജനാലകള്‍ അടച്ചുകുറ്റിയിട്ട് സൂക്ഷിച്ചിട്ടില്ല. താഴത്തെ നിലയില്‍ വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ മുന്നിലേക്കും ആശുപത്രി റോഡിലേക്കുമാണ് ചില്ലുകള്‍ പൊട്ടിവീഴുന്നത്. വ്യാപാരസ്ഥാപനങ്ങളിലേക്ക് കടന്നുവരുന്നവരും സ്ഥാപനങ്ങളിലെ ജീവനക്കാരും ഭയന്നാണ് കഴിയുന്നത്. സ്റ്റേഡിയത്തിലത്തെുന്നവരുടെയും വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ എത്തുന്നവരുടെയും നൂറുകണക്കിന് വാഹനങ്ങള്‍ ഇതിന് താഴെയാണ് പാര്‍ക്ക് ചെയ്യുന്നത്. ഈ വാഹനങ്ങള്‍ക്ക് മുകളിലേക്കും ചില്ലുകള്‍ പൊട്ടിവീഴാറുണ്ട്. ആശുപത്രികള്‍, സ്കൂള്‍, പള്ളികള്‍, പൊലീസ് ക്വാര്‍ട്ടേഴ്സ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കുള്ള നൂറുകണക്കിന് കാല്‍നടക്കാര്‍ ഈ റോഡുവഴി കടന്നു പോകുന്നുണ്ട്. ചില്ലുകള്‍ പൊട്ടിയതുമൂലം പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. പൊട്ടിവീണ് കിടക്കുന്ന ചില്ലുകഷണങ്ങളും യാത്രക്കാര്‍ക്ക് ഭീഷണിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.