വല്യേട്ടന്‍െറ വാലാട്ടികളായി കേരള കോണ്‍ഗ്രസ് തരംതാണു –കര്‍ഷകസംഘം

ചെറുതോണി: സ്വന്തമായി അസ്ഥിത്വബോധവും അഭിപ്രായവുമില്ലാതെ വല്ളേ്യട്ടന്‍െറ വാലാട്ടികളായി കേരള കോണ്‍ഗ്രസ് അധ$പതിച്ചുവെന്ന് കര്‍ഷകസംഘം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ചെറുതോണിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യാഥാര്‍ഥ്യ ബോധത്തോടെ കാര്‍ഷിക പ്രശ്നങ്ങളെ സമീപിക്കുന്നതിന് പകരം ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുപോയ കോണ്‍ഗ്രസ് നടത്തുന്ന ജല്‍പനങ്ങള്‍ ഏറ്റുപാടുന്ന വിനീതദാസന്മാരായി കേരള കോണ്‍ഗ്രസ് തരംതാണു. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോയതിന്‍െറ ഉത്തരവാദികളെ തേടുന്നത് പരിഹാസ്യമാണ്. ചെന്നായയുടെ കൂടെ ഉണ്ണുകയും ആട്ടിന്‍കുട്ടിയുടെ കൂടെ ഉറങ്ങുകയും ചെയ്യുന്ന ലജ്ജാകരമായ സമീപനമാണ് കേരള കോണ്‍ഗ്രസ് എം സ്വീകരിക്കുന്നത്. ജനപക്ഷത്തു നില്‍ക്കുന്ന നേതാക്കളെയും ജനപ്രതിനിധികളെയും അപമാനിക്കുന്ന വാര്‍ത്തകള്‍ നല്‍കി ജനശ്രദ്ധ നേടാനുള്ള വിഫലശ്രമമാണ് കേരള കോണ്‍ഗ്രസ് നടത്തുന്നത്. മലയോര കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ലയിലെ നാലു മണ്ഡലങ്ങളില്‍ എന്തു നടക്കുന്നുവെന്നുപോലും കേരള കോണ്‍ഗ്രസിന് ധാരണയില്ളെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ പ്രസ്താവനകള്‍. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചത് കോണ്‍ഗ്രസാണ്. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കോണ്‍ഗ്രസും പി.ടി. തോമസും നടത്തിയ ശ്രമങ്ങള്‍ ഇടുക്കിയിലെ ജനങ്ങള്‍ വിസ്മരിച്ചിട്ടില്ല. ആശങ്കയുടെ മുള്‍മുനയിലായ കര്‍ഷകജനത സ്വയം പ്രേരിതമായി പ്രതിഷേധ സമരങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയപ്പോള്‍ എം.ജെ. ജേക്കബിനെയും പാര്‍ട്ടിയെയും നാട്ടില്‍പോലും കാണാനില്ലായിരുന്നു. വനംവകുപ്പിനെകൊണ്ട് മാപ്പ് തയാറാക്കി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നടത്തിയ ഗൂഢനീക്കം ജനങ്ങളെ അറിയിച്ചതും പ്രക്ഷോഭം സംഘടിപ്പിച്ച് വനംവകുപ്പ് തയാറാക്കിയ ഭൂപടവും റിപ്പോര്‍ട്ടും റദ്ദ് ചെയ്യിപ്പിച്ചത് ഇടതുപക്ഷ സംഘടനകളും ഹൈറേഞ്ച് സംരക്ഷണസമിതിയുമാണ്. രണ്ടാഴ്ചകൊണ്ട് തീര്‍ക്കാവുന്ന കാര്യമാണ് സംസ്ഥാന സര്‍ക്കാര്‍ രണ്ടുവര്‍ഷം കൊണ്ടും പൂര്‍ത്തിയാക്കാതെ നിരുത്തരവാദിത്തം കാണിച്ചത്. 18 മാസം കേന്ദ്രം സമയമനുവദിച്ചിട്ടും 10 കത്തുകള്‍ അയച്ചിട്ടും സംസ്ഥാനം അനങ്ങിയില്ല. കേരള കോണ്‍ഗ്രസിന്‍െറ രണ്ടു മന്ത്രിമാരും റോഷി അഗസ്റ്റ്യനും ഇക്കാലമത്രയും ഉറങ്ങുകയായിരുന്നോയെന്ന് നേതാക്കള്‍ ചോദിച്ചു. വനംവകുപ്പിന്‍െറ ഭൂപടവും റിപ്പോര്‍ട്ടും തള്ളിയത് മുഖ്യമന്ത്രിയുടെ യോഗത്തിലാണ്. മാണിയും ജോസഫും റോഷിയും കൂടി പങ്കെടുത്ത യോഗത്തിലെ തീരുമാനം മറികടന്ന് തോടും ചതുപ്പും പുറംമ്പോക്കും പുല്‍മേടും നോമാന്‍സ് ലാന്‍ഡും പരിസ്ഥിതി ലോലമാക്കി റിപ്പോര്‍ട്ടും ഭൂപടവും തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചവര്‍ക്കെതിരെ ആര്‍ജവത്തോടെ പ്രതികരിക്കുന്നതിനുള്ള ഇച്ഛാശക്തിയില്ലാതെ വളഞ്ഞ നട്ടെല്ലുമായി നടക്കുന്ന കേരള കോണ്‍ഗ്രസിനോട് സഹതപിക്കാനേ കഴിയൂ. 16 ഉപാധികളോടുകൂടിയ പട്ടയം നല്‍കിയിട്ടും കൃഷിക്കാര്‍ക്ക് വേണ്ടി ഒരക്ഷരം മിണ്ടാത്തവര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രസ്താവനകളുമായി വരുന്നത് ജനങ്ങള്‍ തിരിച്ചറിയുമെന്നും നേതാക്കള്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന്‍െറ മറവില്‍ ജില്ലയിലെ കര്‍ഷകര്‍ക്കെതിരായി നടക്കുന്ന നീക്കങ്ങള്‍ക്ക് അനുകൂലമായുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സെപ്റ്റംബര്‍ 11ന് നടക്കുന്ന കരിദിനം വിജയിപ്പിക്കണമെന്ന് നേതാക്കാള്‍ അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്‍റ് സി.വി. വര്‍ഗീസ്, സെക്രട്ടറി എന്‍.വി. ബേബി ജില്ലാ കമ്മിറ്റി അംഗങ്ങളായ റോമിയോ സെബാസ്റ്റ്യന്‍, എം.കെ. ചന്ദ്രന്‍ കുഞ്ഞ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.