രോഗബാധ വില്ലനായി; വെളുത്തുള്ളി കൃഷി നഷ്ടത്തില്‍

തൊടുപുഴ: മറയൂര്‍ മലനിരകളിലെ പ്രധാന ശീതകാല പച്ചക്കറി ഉല്‍പാദന കേന്ദ്രമായ കാന്തല്ലൂരില്‍ ലാഭകരമായിരുന്ന വെളുത്തുള്ളി കൃഷി നഷ്ടത്തില്‍. മറയൂര്‍ മലനിരകളില്‍ ലാഭകരമായിരുന്ന ഏകകൃഷിയാണ് വെളുത്തുള്ളി. ഒരുമാസം മുമ്പ് ഉണ്ടായ മഞ്ഞളിപ്പ് രോഗം കാരണം വിളവില്‍ 50 ശതമാനത്തിലധികം കുറവുണ്ടായതായി കര്‍ഷകര്‍ പറയുന്നു. മൂന്നു മാസം മുമ്പ് ഓണവിപണി കണ്ട് കൃഷിയിറക്കിയവര്‍ക്ക് പ്രതീക്ഷിച്ച വിളവല്ല ലഭിച്ചത്. ഉല്‍പാദനക്കുറവും വിലത്തകര്‍ച്ചയും കാരണം കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ശരാശരി ഒരു ഹെക്ടര്‍ തോട്ടത്തില്‍നിന്ന് 25 മുതല്‍ 40 ക്വിന്‍റല്‍വരെ വിളവ് ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ 10 ക്വിന്‍റല്‍ മാത്രമാണ് ലഭിച്ചത്. 150 മുതല്‍ 200 രൂപ വരെ വില ലഭിച്ചിരുന്ന വെളുത്തുള്ളിക്ക് 70 മുതല്‍ 100വരെ മാത്രമാണ് ഓണക്കാലമായിട്ടു കൂടി ലഭിക്കുന്നത്. സാധാരണ ശരാശരി എട്ടു മുതല്‍ 12 അല്ലികള്‍ വരെ കാണാറുമുണ്ട്. എന്നാല്‍, ഇപ്പോള്‍ മൂന്നു മുതല്‍ ആറുവരെ അല്ലി മാത്രമാണ് ലഭിക്കുന്നത്. കാഴ്ചയിലും മോശമായതിനാല്‍ കച്ചവടക്കാര്‍ വിലയിടിക്കുകയാണെന്നും കര്‍ഷകര്‍ പറയുന്നു. ഇന്‍ഹേലിയം ഗാര്‍ലിക്, റെഡ് ഇന്‍ഹേലിയം ഗാര്‍ലിക് എന്നിവയാണ് കാന്തല്ലൂരില്‍ കൃഷി ചെയ്തുവരുന്ന വെളുത്തുള്ളി ഇനങ്ങള്‍. മേട്ടുപ്പാളയം പൂട്, സിംഗപ്പൂര്‍ പൂട് എന്നിങ്ങനെയും ഈ ഇനങ്ങള്‍ പ്രാദേശികമായി അറിയപ്പെടുന്നു. ഗുണനിലവാരം കൂടിയ മേട്ടുപാളയം( ഇന്‍ഹേലിയം ഗാര്‍ലിക്) കൃഷി ചെയ്തവര്‍ക്കാണ് വിളവ് മോശമായത്. സിങ്കപ്പൂര്‍ ഇനത്തിന് ശരാശരി വില ലഭിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ വെളുത്തുള്ളിക്ക് ഏറ്റവും മികച്ച വിലയായ 100 മുതല്‍ 150 രൂപവരെ ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.