പ്രായം പോലും തോറ്റു; ജോര്‍ജിന് മുന്നില്‍

തൊടുപുഴ: വഴിത്തലയിലെ ടാക്സി ഡ്രൈവറായ ജോര്‍ജ് ചേട്ടന് ഓട്ടം ഒരു ശീലമാണ്. അതുകൊണ്ടുതന്നെ ഓട്ടമത്സരത്തില്‍ ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍ പുരസ്കാരം ശ്രീലങ്കയില്‍ചെന്ന് കരസ്ഥമാക്കാനും മാറിക വിലങ്ങുകല്ളേല്‍ വി.എം. ജോര്‍ജ് എന്ന ജോര്‍ജേട്ടന്‍ മടി കാണിച്ചില്ല . വ്യാപാരി സംഘടനയായ മെര്‍ക്കന്‍ൈറല്‍ അത്ലറ്റിക് ഫെഡറേഷന്‍ ആഗസ്റ്റ് 22, 23 തീയതികളില്‍ ശ്രീലങ്കയില്‍ നടത്തിയ വാര്‍ഷിക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ഇനങ്ങളിലാണ് ജോര്‍ജേട്ടന്‍ സ്വര്‍ണം ഓടിയെടുത്തത്. 400, 1500, 3000 മീറ്ററുകളിലായിരുന്നു സുവര്‍ണനേട്ടം. നാനൂറ് മീറ്ററില്‍ റെക്കോഡോടെയാണ് ഒന്നാമനായി ഓടിയത്തെിയത്. 63 വയസ്സുകാര്‍ക്ക് മത്സരവിഭാഗമില്ലാത്തതിനാല്‍ 55കാരുടെ വിഭാഗത്തിലാണ് ഓടി വിജയിച്ചതെന്നത് ഇദ്ദേഹത്തിന്‍െറ നേട്ടത്തെ മികച്ചതാക്കുന്നു. ആറു വര്‍ഷമായി മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാറുണ്ട്. ഇത് രണ്ടാം തവണയാണ് ജോര്‍ജ് മെര്‍ക്കന്‍ൈറല്‍ മീറ്റില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞവര്‍ഷം മുംബൈയില്‍ നടന്ന മീറ്റില്‍ നാല് ഇനങ്ങളില്‍ ഒന്നാമതത്തെിയിരുന്നു. ഇത്തവണ മൂന്ന് ഇനങ്ങളിലേ ഒരാള്‍ക്ക് പങ്കെടുക്കാനാവുമായിരുന്നുള്ളൂ എന്നതിലാണ് ജോര്‍ജേട്ടന് നിരാശ. പഴയകാല ഓട്ടമത്സരങ്ങളുടെ സുവര്‍ണ കഥകളൊന്നും ജോര്‍ജേട്ടന് പറയാനില്ല. കാരണം, 50 വയസ്സിനുശേഷമാണ് അദ്ദേഹം മത്സരത്തിനായി ഓട്ടം ശീലമാക്കിയത്. ദിവസവും രാവിലെ കുറഞ്ഞത് 10 കിലോമീറ്ററെങ്കിലും ഓടും. പതിവായുള്ള ഈ ഓട്ടം തന്നെ പരിശീലനം. പണ്ടുകാലത്ത് വാഹനങ്ങളൊന്നും തൊടുപുഴ-വഴിത്തല റൂട്ടില്‍ ഉണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് തന്നെ നടപ്പായിരുന്നു ശീലം. പിന്നീട് വേഗം കൂട്ടി ഓട്ടമായി. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതെല്ലാം സ്വന്തം കീശയില്‍നിന്ന് പണം മുടക്കിയാണ്. ശ്രീലങ്കയില്‍ പോയി മത്സരത്തില്‍ പങ്കെടുത്തതിനുമാത്രം 30,000 രൂപയാണ് ചെലവ്. കഴിഞ്ഞവര്‍ഷം മത്സരത്തില്‍ പങ്കെടുക്കാന്‍ വ്യാപാരികളുടെ ചെറിയ സഹായം ലഭിച്ചിരുന്നതായി ജോര്‍ജേട്ടന്‍ പറഞ്ഞു. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം. മക്കളായ ജിസ്മോന്‍, ജോയ്സ്, ജിന്‍സ് എന്നിവര്‍ നാട്ടിലെ അറിയപ്പെടുന്ന ഫുട്ബാള്‍ താരങ്ങളാണെന്നും ജോര്‍ജ് അഭിമാനത്തോടെ പറയുന്നു. ചിന്നമ്മയാണ് ഭാര്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.