മൂലമറ്റം വനിതാ വികസന വിപണന കേന്ദ്രം പാതിവഴിയില്‍

മൂലമറ്റം: മൂലമറ്റത്തെ വനിതാ വികസന വിപണന കേന്ദ്രം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയില്‍. 1998ലാണ് മൂലമറ്റം ടാക്സി സ്റ്റാന്‍ഡിന് സമീപം 10 ലക്ഷം രൂപ മുടക്കി 10 സെന്‍റ് സ്ഥലം വാങ്ങിയത്. ഇവിടെ കോംപ്ളക്സ് നിര്‍മിക്കാന്‍ ഓരോ വര്‍ഷവും ലക്ഷങ്ങളുടെ ഫണ്ട് നീക്കിവെക്കാറുണ്ടെങ്കിലും പിന്നീട് ഇത് പാഴാക്കുകയോ തുക മാറ്റി ചെലവഴിക്കുകയോ ആണ് പതിവ്. കഴിഞ്ഞ സാമ്പത്തികവര്‍ഷവും 13,84,202 രൂപ ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണത്തിന് അനുവദിച്ചു. തുടര്‍ന്ന് നീര്‍ച്ചാലിന് സമീപം 12 പില്ലറുകള്‍ വാര്‍ക്കുക മാത്രമാണ് ചെയ്തത്. മഴക്കാലത്ത് ഇവിടെ തോടുകവിഞ്ഞ് ഒഴുകും. എന്നാല്‍, ഇതിനാവശ്യമായ മുന്നൊരുക്കങ്ങളില്ലാതെയാണ് കെട്ടിടത്തിന് പില്ലറുകള്‍ നിര്‍മിച്ചത്. വനിതാ ക്ഷേമത്തിന്‍െറ ഭാഗമായി കുടുംബശ്രീയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നിര്‍മിക്കുന്ന വിവിധ ഉല്‍പന്നങ്ങളുടെ സ്റ്റാളുകള്‍, ജൈവ പച്ചക്കറി ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള കടമുറികള്‍, തുണി, കരകൗശല ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനും വില്‍ക്കാനുമുള്ള കേന്ദ്രങ്ങള്‍, സ്ത്രീകളുടെ നേതൃത്വത്തില്‍ തയ്യല്‍ സെന്‍റര്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഡി.ടി.പി സെന്‍ററുകള്‍ എന്നിവയടക്കം യാഥാര്‍ഥ്യമാക്കാന്‍ മൂന്നുനില കെട്ടിടം നിര്‍മിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടത്. മൂന്നുനില കെട്ടിടം പണിയാനാവശ്യമായ അസ്തിവാര ജോലികള്‍ ഈ കെട്ടിടത്തിന് നടത്തിയിട്ടില്ല. ഇതിന്‍െറ തൂണുകള്‍ക്ക് വേണ്ടത്ര വലുപ്പമില്ളെന്നും ആക്ഷേപമുണ്ട്. മാര്‍ച്ചില്‍ തിടുക്കത്തില്‍ കെട്ടിടത്തിന്‍െറ അസ്തിവാര ജോലികള്‍ നടത്തിയത് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇതിന്‍െറ ബില്ല് മാറിയെടുക്കാനാണെന്ന ആക്ഷേപം ശക്തമാണ്. മഴക്കാലത്ത് മലവെള്ളം കുത്തിയൊലിച്ചൊഴുകുന്ന തോട് ഇതിന്‍െറ നടുവിലൂടെയാണ് കടന്നുപോകുന്നത്. വര്‍ഷകാലത്തും വേനല്‍കാലത്തും മൂലമറ്റം ടൗണിലെ ഓടയില്‍നിന്നുള്ള മാലിന്യം ഈ തോട്ടിലേക്കാണ് ഒഴുക്കുന്നത്. കെട്ടിട നിര്‍മാണത്തിന്‍െറ ഭാഗമായി അസ്തിവാരത്തിന് കുഴിയെടുത്തപ്പോള്‍ മൂലമറ്റം ടാക്സി സ്റ്റാന്‍ഡിന്‍െറ വന്‍ കരിങ്കല്‍കെട്ട് ഇടിഞ്ഞുവീണത് പുന$സ്ഥാപിക്കാനായിട്ടില്ല. സ്വകാര്യ വ്യക്തിക്ക് ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയതാണ് ഈ സ്ഥലം. അധികൃതര്‍ ഇടപെട്ട് പ്രദേശവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന കേന്ദ്രം ഉടന്‍ സാധ്യമാക്കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.